സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങൾ കേട്ടുകേട്ട് ഇതൊരു പഴഞ്ചൻ മൊഴിയായി തള്ളിക്കളയുന്നവരുണ്ട്. മാംസാഹാരത്തിന്റെ രുചിയോർത്താൽ സസ്യപ്പെരുമയെ അത്രയധികം പിന്തുണയ്ക്കാനും ആവില്ലല്ലോ. എന്നാൽ കേട്ടോളൂ, ഹൃദയാരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവർ കൂടുതൽ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്.
സസ്യാഹാരിയാണെന്നതു കൊണ്ടു മാത്രം ഹൃദ്രോഗഭീഷണി 40 ശതമാനം കുറയുമെന്നുറപ്പ്. കൃത്യമായ വ്യായാമവും നാരുകൾ ധാരാളമടങ്ങിയ ഭക്ഷണവും പ്രമേഹനിയന്ത്രണവും കൂടിയായാൽ ഹൃദ്റോഗത്തെ തീരെ പേടിക്കേണ്ട.
പയർ വർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, എന്നിവയും കുറഞ്ഞ അളവിൽ മാത്രം മാംസവും കഴിക്കുന്നവരിൽ ഹൃദ്രോഗനിരക്ക് തീരെക്കുറവാണെന്ന് വിദഗ്ദ്ധ പഠനങ്ങൾ പറയുന്നു. ഇതുകേട്ട് മാംസാഹാരം പൂർണമായും ഉപേക്ഷിക്കണമെന്നില്ല. 'കൊതിയടക്കാൻ' പറ്റാതാകുമ്പോൾ മിതമായ അളവിൽ കഴിച്ചോളൂ. തൊലി നീക്കം ചെയ്ത കോഴിയിറച്ചിയാണ് ഉത്തമം. അതും ആഴ്ചയിലൊരിക്കലാകുന്നതാണ് നല്ലത്. മാംസാഹാരം കഴിക്കുമ്പോൾ പ്ളേറ്റിന്റെ മുക്കാൽ ഭാഗം ഇലക്കറികൾ, വെജിറ്രബിൾ സാലഡ് എന്നിവ ചേർത്ത് കഴിയ്ക്കുന്നത് ഹൃദയത്തിന് നാരുകളുടെ സംരക്ഷണം ഉറപ്പാക്കും.