local

മലപ്പുറം: ഭർത്താവ് ഓടിച്ച ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ലോറി കയറി മരിച്ചു. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അന്നങ്ങാടൻ വീട്ടിൽ ഹനീഫയുടെ ഭാര്യ ദാനിയ മുംതാസ്(43) ആണ് മരിച്ചത്. മലപ്പുറം കാവുങ്ങൽ ബൈപ്പാസിൽ ഇന്നലെ ഉച്ചക്ക് 1.45 നാണ് അപകടം. കൂട്ടിലങ്ങാടി ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോ ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിനിടെ മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലിരിക്കുകയായിരുന്ന മുംതാസ് റോഡിലേക്ക് വീണു. ഈ സമയം പിന്നിലുണ്ടായിരുന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു.

ഉടൻ നാട്ടുകാർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മക്കളായ ഖദീജ ഫിസ, ഖദീജ ഹിസ, മുഹമ്മദ് മുസ്തഫ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വലിയങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ്‌ചെയ്തു. മറ്റു മക്കൾ: അബ്ദുൾ ഹാഷിം, ഫാത്വിമ നിഷി.