മലപ്പുറം: കുട്ടിക്കാലം തൊട്ടേ പാട്ടുകളോടും സിനിമയോടുമുള്ള അടങ്ങാത്ത ഇഷ്ടമാണ് ആതവനാട് ഗവ. എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അദ്ധ്യാപകനും വളാഞ്ചേരി പുന്നത്തല സ്വദേശിയുമായ ഡോ. എം.ഡി. മനോജിനെ ചലച്ചിത്ര സാഹിത്യ മേഖലയിലെ അറിയപ്പെടുന്ന എഴുത്തുകാരനാക്കിയത്. ഇതിനകം പാട്ടെഴുത്തുകളും ചലച്ചിത്ര നിരൂപണങ്ങളുമടക്കം 25 പുസ്തകങ്ങൾ മുൻനിര പ്രസാധകരടക്കം പുറത്തിറക്കി. മലയാളത്തിൽ പാട്ടെഴുത്ത് ശാഖയിൽ ഇത്രയധികം പുസ്തകങ്ങളെഴുതിയ കീർത്തി ഒരുപക്ഷെ, മനോജിന് സ്വന്തമാവാം. 1986ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളപദ്യം ചൊല്ലലിലും ലളിതഗാനത്തിലും മത്സരാർത്ഥിയായിരുന്നു. ഇതിനൊപ്പം തന്നെ പാട്ടെഴുത്തിനോടുള്ള പ്രണയവും തുടങ്ങി.
2005ൽ പ്രസിദ്ധീകരിച്ച രവീന്ദ്രസംഗീതമായിരുന്നു ആദ്യ പുസ്തകം. ചലച്ചിത്രസംഗീത സംവിധായകർ, ഗാനരചയിതാക്കൾ, ഗായകർ എന്നിവരുടെ ആത്മകഥാപരമായ പുസ്തകങ്ങളാണ് കൂടുതലും രചിച്ചത്. പി.ഭാസ്ക്കരനും ഉദയഭാനുവും എം.ബി. ശ്രീനിവാസനും രാഘവൻ മാഷുമെല്ലാം ഈ പുസ്തകങ്ങളിൽ നിറഞ്ഞുനിന്നു. പല പതിപ്പുകളിറങ്ങിയ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഗാനരചയിതാക്കളെ മാത്രം ഉൾപ്പെടുത്തിയുള്ള പുസ്തകം വരുന്ന ഷാർജ്ജ ബുക്ക്ഫെസ്റ്റിൽ പുറത്തിറക്കും. ചലച്ചിത്ര അക്കാദമിക്കായി ഗായിക മാധുരിയെ കുറിച്ചുള്ള പുസ്തകവും ഉടൻ പുറത്തിറങ്ങും.
എം.ജി. ശ്രീകുമാറും ജി.വേണുഗോപാലുമടക്കം ആലപിച്ച പത്തോളം ആൽബങ്ങൾക്കും വരികളെഴുതി. രണ്ട് സിനിമകൾക്കും പാട്ടെഴുതി. ഐ.എഫ്.എഫ്.കെ ലോക സിനിമാവിഭാഗം സെലക്‌ഷൻ കമ്മിറ്റിയംഗമായിരുന്നു. ഒ.എൻ.വി കൾച്ചറൽ ഫൗണ്ടേഷൻ അംഗം,ഗാന്ധിഭവൻ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മലയാള സാഹിത്യത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സിനിമയുടെ അടയാളങ്ങൾ, സിനിമയിലെ സംഗീത യാത്രകൾ എന്നീ പുസ്തകങ്ങൾക്ക് 2011, 2016 വർഷങ്ങളിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡടക്കം ലഭിച്ചു. പൂളമംഗലം യു.പി.സ്കൂളിലെ അദ്ധ്യാപികയായ ലേഖയാണ് ഭാര്യ. മകൾ: വിസ്മയ വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ്.