പൊന്നാനി: പൊന്നാനി ബിയ്യംകായലിൽ ഒക്ടോബർ 19ന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ്(സി.ബി.എൽ) വള്ളംകളി മത്സരങ്ങൾക്ക് ചുണ്ടൻ വള്ളങ്ങൾ കനോലി കനാലിലൂടെ എത്തിക്കാൻ തടസം നിൽക്കുന്ന അഞ്ച് ചെറിയ പാലങ്ങൾ നീക്കം ചെയ്യും. ഒക്ടോബർ 12നുള്ളിൽ പാലങ്ങൾ എടുത്തുമാറ്റാനും 19നു ശേഷം പാലങ്ങൾ പുനഃസ്ഥാപിക്കാനും ജില്ലാകളക്ടർ ജാഫർ മാലിക് അതത് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ ജാഫർ മാലികിന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കനാലിന് കുറുകെ വീണുകിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി റൂട്ട് ശരിയാക്കാനും കളക്ടർ നിർദ്ദേശിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള മരങ്ങളാണെങ്കിൽ അവ മുറിച്ചുമാറ്റാനായി അതത് പഞ്ചായത്തുകൾ ഉടമസ്ഥർക്ക് നോട്ടീസ് നൽകാനും കളക്ടർ ആവശ്യപ്പെട്ടു.
കനോലി കനാലിൽ സ്ഥാപിച്ചിട്ടുള്ള 37 പാലങ്ങളിൽ വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലായി ജീർണ്ണിച്ചതും വള്ളങ്ങൾക്ക് കടന്നുപോകാൻ പ്രയാസം നേരിടുന്നതുമായ അഞ്ചു പാലങ്ങളാണ് നീക്കുക. മാറഞ്ചേരി വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂക്കൈതക്കടവ് മരപ്പാലം, പൂക്കൈതക്കടവിനടുത്ത് പഴയ ചിറയുടെ ദ്രവിച്ച വൂട്ടറിനോട് ചേർന്ന ഉപയോഗശൂന്യമായ പാലം, വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് പാലം (ഒന്ന്,രണ്ട്), പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി മരപ്പാലം തുടങ്ങിയവയാണ് എടുത്തുമാറ്റുന്നത്. പാലം എടുത്തുമാറ്റിയാൽ പൊതുജനങ്ങൾക്ക് ബദൽ യാത്രാസൗകര്യം അതത് പഞ്ചായത്തുകൾ ഒരുക്കും. കൂടാതെ ഫിഷറീസ് വകുപ്പും യാത്രാസൗകര്യത്തിനായി പ്രത്യേക ബോട്ട് സംവിധാനം ഒരുക്കും.
കനാലിലൂടെയുള്ള ക്രമസമാധാനത്തിനായി പൊലീസിന് പുറമെ കോസ്റ്റൽ പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തും.
മത്സരം ഇങ്ങനെ
ആലപ്പുഴയിൽ നിന്നുള്ള ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഒക്ടോബർ 13ന് ബിയ്യം കായലിലെത്തുക.
19ന് മൂന്ന് ട്രാക്കുകളിലായാണ് മത്സരം. മൂന്ന് വള്ളങ്ങൾ പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്സ് ഉണ്ടാവും.
ഇവയിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വരുന്ന വള്ളങ്ങൾ ഓരോ മത്സരങ്ങളിലെയും ഫൈനലിൽ മത്സരിക്കും.
നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ വരുന്ന വള്ളങ്ങൾ ലൂസേഴ്സ് ഫൈനലിൽ മത്സരിക്കും.
ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ വരുന്ന വള്ളങ്ങൾ സെക്കന്റ് ലൂസേഴ്സ് ഫൈനലിൽ മത്സരിക്കും.
അങ്ങനെ ആറ് മത്സരങ്ങളാണ് സി.ബി.എല്ലിൽ ഉണ്ടാവുക.