എടപ്പാൾ: ബൈക്കിലെത്തിയ യുവാക്കൾ യുവതികളുടെ മാല പൊട്ടിച്ചു. രാവിലെ ഒമ്പതിന് എടപ്പാൾ മാണൂരിലും ഒമ്പതരയോടെ തട്ടാൻപടിയിലും പത്തോടെ തണ്ടിലത്തുമാണ് സംഭവം . മാണൂർ വില്ല റോഡിലൂടെ നടന്ന് പോകുകയായിരുന്ന മുഞ്ഞത്ത് നാരായണൻ കുട്ടിയുടെ ഭാര്യ ശോഭനയുടെ മാലയുംക്ഷേത്രത്തിൽ പോയി വരികയായിരുന്ന തട്ടാൻപടി സ്വദേശി വസന്തകുമാരിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയുമാണ് ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുത്തത്.
മാണൂരിൽ മാല പൊട്ടിച്ചെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.പിടിവലിയിൽമൂന്ന് കഷ്ണങ്ങളായങ്കിലും മാല ഉടമയ്ക്ക് തന്നെ ലഭിച്ചു.നാട്ടുകാർ പിന്തുടർന്നെങ്കിലും പ്രതികളെ പിടികൂടാനായില്ല.
സംഭവങ്ങളിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിൽ മാല പൊട്ടിച്ചെടുത്ത സംഘങ്ങളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവരെ കണ്ടെത്താൻ പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് ഇവരുടെ ഫോട്ടോയും പൊലീസ് പുറത്തു വിട്ടു.
ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസിന്റെ വക പാരിതോഷികം നൽകുമെന്ന് പൊന്നാനി സി.ഐ. സണ്ണി ചാക്കോ പറഞ്ഞു