എടക്കര: ഉരുളും പ്രളയവും കശക്കിയെറിഞ്ഞ ശേഷം കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത നാടുകാണി ചുരം പാതയിൽ ഇന്നുമുതൽ കെ.എസ്.ആർ.ടി.സി നിലവിലെ ടൈം ഷെഡ്യൂൾ പ്രകാരം സർവീസ് പുനഃരാരംഭിക്കും. മുഴുവൻ ബസുകളും വെള്ളിയാഴ്ച പുലർച്ചെ 5.30 മുതൽ നാടുകാണി ചുരം പാത വഴി ഓടിത്തുടങ്ങുമെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി. സുരേഷ് അറിയിച്ചു. ഇന്നലെ പാതയിലൂടെ കെ. എസ്.ആർ.ടി.സി ബസിന്റെ ട്രയൽ റൺ സംഘടിപ്പിച്ചു. പാതയിലൂടെ ബസുകൾ ഓടാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി രണ്ടുദിവസം പിന്നിട്ടിട്ടും കെ.എസ്.ആർ..ടി.സി ബസുകൾ ഓടാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് ഇന്നലെ ട്രയൽ റൺ നടത്തിയത്.
ഇന്നലെ 12.30ന് നിലമ്പൂർ ഡിപ്പോയിൽ നിന്നുള്ള ബസ് ചുരം പാതയിലെത്തി. റോഡിൽ പലയിടത്തും ചുരം നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏറ്റവും നീളം കൂടിയ ബസ് തന്നെയാണ് ട്രയൽ റണ്ണിനായി ഉപയോഗിച്ചത്. റോഡ് നെടുകെ പിളർന്ന് 1.75 മീറ്റർ ആഴത്തിൽ താഴ്ന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം മുൻനിറുത്തി ബസിലെ സീറ്റിംഗ് കപ്പാസിറ്റി കണക്കാക്കി ഡിപ്പോയിലെ ജീവനക്കാരെ മുഴുവൻ ബസിൽ കയറ്റി ഓടിച്ചായിരുന്നു അധികൃതരുടെ പരിശോധന. എന്നാൽ 11.30 ന് തമിഴ്നാട് സ്റ്റേറ്റ് വണ്ടിയും തുടർന്ന് കർണാടക സ്റ്റേറ്റ് ബസും ചുരം പാത താണ്ടി സംസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് തമിഴ്നാട് നാടുകാണി ചെക് പോസ്റ്റ് വരെ ബസിന്റെ ട്രയൽ റൺ നടത്തി.
വഴിക്കടവ് എസ്.ഐ പി.എസ് ബിനു, എസ്.സി.പി.ഒമാരായ നൗഷാദ്, മൻസൂർ എന്നിവരുടെ നിർദ്ദേശങ്ങളും അധികൃതർ ആരാഞ്ഞു.12 ടൺ ഭാരമുള്ള വാഹനങ്ങൾ വരെ കടത്തിവിടുന്നതിൽ തെറ്റില്ലെന്ന് പൊലീസ് അറിയിച്ചു.
ഒടുവിൽ......
ചുരം പാത നവീകരണത്തിന്റെ 90 ശതമാനവും പൂർത്തീകരിച്ച സമയത്താണ് ആഗസ്റ്റ് എട്ടിന് ഉരുളും പ്രളയവും ചുരം പാതയെ കശക്കിയെറിഞ്ഞത്.
തേൻപാറയിലും തകരപ്പാടിയിലും റോഡിൽ പതിച്ച വൻ പാറക്കെട്ടുകൾ ഏറെ ശ്രമകരമായ പ്രവൃത്തിക്കൊടുവിലാണ് നീക്കിയത്.
ജാറത്തിന് സമീപം 25 മീറ്റർ റോഡ് നെടുകെ പിളർന്നതിനു പുറമെ 1.75 മീറ്റർ നീളത്തിൽ റോഡ് താഴ്ന്നിറങ്ങിയതും ഏറെ ആശങ്കക്കിടയാക്കിയിരുന്നു.
ഏറെ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമാണ് റോസിന്റെ പുനർനിർമ്മാണം പൂർത്തിയാക്കിയത്.