വളാഞ്ചേരി: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 24 പേർക്ക് പരിക്കേറ്റു. റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികൾ തകർത്തെങ്കിലും ബസ് താഴേയ്ക്ക് മറിയാഞ്ഞത് വൻദുരന്തം ഒഴിവാക്കി. കോട്ടയ്ക്കൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം. കുറ്റിപ്പുറം ഭാഗത്ത് നിന്നും റെയിൽവേ ലൈൻ ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി യാത്രക്കാരുമായി എത്തിയ ബസാണ് മറിഞ്ഞത്. അപകടസമയത്ത് ബസിന്റെ ഗ്ലാസ് തകർന്ന് ഡ്രൈവർ ജാഫർ പാലത്തിന് താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ 24 പേരെ കുറ്റിപ്പുറം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറും കണ്ടക്ടറും അടക്കം മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആറുപേർ കുറ്റിപ്പുറം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിസാര പരിക്കേറ്റവരെ മരുന്ന് നൽകി വിട്ടയച്ചു. ഏറെ നേരം പാലത്തിനു മുകളിൽ ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസ്, ഫയർഫോഴ്സ്, ട്രോമാകെയർ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ച് ഗതാഗത തടസം നീക്കി. പിന്നീട് രണ്ട് ക്രെയിൻ എത്തിച്ച് ബസ് ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: മൗലാന കോളേജ് ഒഫ് ഫാർമസിയിൽ ടീച്ചിംഗ് പെടഗോജിയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ആരോഗ്യ സർവകലാശാല അക്കാഡമിക് കൗൺസിലർ ഡോ. കെ.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സപ്ന ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ വി.എം.സെയ്തു മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ്, ഷൈൻ സുദേവ്, സുജിത് തോമസ്, കെ. മൊയ്തീൻ, കെ. അബ്ദുൾ വാജിദ്
എന്നിവർ പ്രസംഗിച്ചു.
മൗലാന കോളേജ് ഒഫ് ഫാർമസിയിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ആരോഗ്യ സർവകലാശാല അക്കാഡമിക് കൗൺസിലർ ഡോ. കെ.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു.
സെൻസസ് പ്രീടെസ്റ്റിനു സമാപനമായി
പെരിന്തൽമണ്ണ: ഇന്ത്യയിലെ 90 സ്ഥലങ്ങളിൽ നടന്ന സെൻസസ് പ്രീടെസ്റ്റിൽ ഭാഗമായ നെന്മിനി വില്ലേജിലെ പ്രവർത്തനങ്ങൾക്ക് സമാപനമായി. മൊബൈൽ ആപ്പ് ഉപയോഗിച്ച് സെൻസസിന് മുന്നോടിയായി നടന്ന ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. 32 എന്യൂമറേറ്റർമാരും ആറ് സൂപ്പർവൈസർമാരും പങ്കെടുത്തു. വിജയകരമായി പ്രവർത്തിച്ച 37 പേർക്കുള്ള അനുമോദന പരിപാടി ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കളക്ടറുമായ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.ടി.ജാഫറലി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. എം.എൻ. മെഹറലി മുഖ്യപ്രഭാഷണം നടത്തി. പ്രളയദുരിതബാധിതർക്ക് കൈത്താങ്ങായി പ്രവർത്തിച്ച സ്‌മൈൽ ഓഫ് ഹാർട്സ് സൗഹൃദ കൂട്ടായ്മയേയും ചടങ്ങിൽ അനുമോദിച്ചു. പി.പി.രവീന്ദ്രൻ, ആനിയമ്മ സെബാസ്റ്റ്യൻ, കെ.കെ. ഉമ്മർ, സി.പി. ഖാലിദ്, സെപ്യൂട്ടി തഹസിൽദാർ സി.വല്ലഭൻ, പി.എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.