cliparat
കുടിവെള്ള പദ്ധതി;

മങ്കട: മൂർക്കനാട് കുടിവെള്ള പദ്ധതി മണ്ഡലത്തിലെ മുഴുവൻ ഭാഗങ്ങളിലേക്കും വിപുലീകരിക്കുന്നതിന് 63 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാവുന്നു. പദ്ധതിയുടെ ഇൻവെസ്റ്റിഗേഷനും സർവ്വേ നടപടികൾക്കുമായി 24 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി ടി.എ അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലം മുമ്പ് തുടങ്ങിയ പദ്ധതിയിപ്പോൾ പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണ്. ഉദ്ഘാടന സമയത്ത് തന്നെ ഭാഗികമായി കുടിവെള്ള വിതരണമാരംഭിക്കാൻ സാധിച്ചു. പദ്ധതിയുടെ കമ്മീഷനോടൊപ്പം വിതരണമാരംഭിച്ച ചുരുക്കം പദ്ധതികളിലൊന്നായി. പദ്ധതി വിഹിതത്തിൽ കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകളിൽ വിതരണ ശൃംഖല ഇല്ലായിരുന്നു.

കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് ഫണ്ടനുവദിച്ചതോടെ പ്രസ്തുത പഞ്ചായത്തുകളിലും വിതരണം പൂർത്തിയായി. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടുന്നതിന് ബജറ്റിൽ ഫണ്ട് നീക്കിവെക്കാൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 63 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ അനുമതി നൽകിയത്.
ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂൺ 22 ന് എം.എൽ.എ യുടെ അധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സർവ്വേ നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. പദ്ധതിയുടെ ഗുണഭോക്തൃ പഞ്ചായത്തുകളിൽ ഇനിയും വിതരണ ശൃംഖല സ്ഥാപിക്കാത്ത മുഴുവൻ റോഡുകളിലും പുതുതായി സർവ്വേ ചെയ്ത് കൊണ്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് ആദ്യ പരിഗണന നൽകണമെന്ന് യോഗത്തിൽ തീരുമാനമായിരുന്നു. മൂർക്കനാട് പഞ്ചായത്തിലെ തൂതപുഴയിലെ
കീഴ്മുറി കടവ് മൂതിക്കയം റെഗുലേറ്റർ കംബ്രിഡ്ജിന് 68 കോടി രൂപ അനുവദിച്ചതോടെ മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ്സ് നിലനിർത്തുന്നതിന് സഹായകമാകും. പദ്ധതി മക്കരപ്പറമ്പ്, കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലേക്ക് നീട്ടുന്നതിന് അനുമതി ലഭിച്ചതിനാൽ വീടുകളിൽ വെള്ളമെത്തിക്കുന്നത് പൂർത്തിയാകുന്നേയുള്ളൂ
കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട്, കുറുവ പഞ്ചായത്തുകളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയോളം നീക്കിവെച്ച് വീടുകളിലേക്ക്‌ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. കുറുവ, പുഴക്കാട്ടിരി, മൂർക്കനാട്, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിൽ കുടിവെള്ള, ശൃംഖലയുടെ പ്രധാന ലെയിൻ സ്ഥാപിച്ച് വെള്ളമെത്തി. പദ്ധതി പൂർത്തിയായതോടെ ഗാർഹിക കണക്ഷനുകൾക്കുള്ള അപേക്ഷകൾ ധാരാളം വരുന്നുണ്ടെന്നും മൂർക്കനാട് കുടിവെള്ള പദ്ധതിയിൽ ഇതുവരെ ആറ് പഞ്ചായത്തുകളിലായി 5,​903 വീടുകളിൽ വെള്ളം എത്തിയെന്നും സർവ്വേ നടപടികൾ വേഗത്തിലാക്കി അപേക്ഷകർക്ക് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.