മലപ്പുറം: അടൂരിന്റെ മര്യാദയുളള കത്തിന് ജയിലല്ല ഭരണകൂടം നൽകേണ്ട മറുപടിയെന്ന് രശ്മി ഫിലിം സൊസൈറ്റിയുടെ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ആൾകൂട്ട കൊലപാതകങ്ങളും മതവർഗീയതയും സംസ്കാര വിരുദ്ധമാകയാൽ ചെറുക്കണമെന്നു ചൂണ്ടിക്കാട്ടി വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും സമാന മനസ്കരായ 48 പേരും പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ അവരെ ജയിലിലടക്കാനുളള ബീഹാർ കോടതിയുടെ നടപടിയിൽ രശ്മി ഫിലിം സൊസൈറ്റി പ്രതിഷേധിച്ചു. മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽ.കെ. കുറുപ്പൻ അധ്യക്ഷത വഹിച്ചു. ജി.കെ. റാംമോഹൻ, വി.എം. മനോജ്, വി.എം.സുരേഷ് കുമാർ, ബാബു ഷൺമുഖദാസ്, ആശ കല്ലുവളപ്പിൽ, കെ.എം. ഇന്ദിര, അനീസ് കൂത്രാടൻ, നൗഷാദ് മാമ്പ്ര, എ.ശ്രീധരൻ, ഹനീഫ് രാജാജി സംസാരിച്ചു.