തവനൂർ: ഭാരതപ്പുഴയുടെ പല ഭാഗങ്ങളിലും പുൽക്കാടുകൾ നിറയുന്നു. പുഴയുടെ ഒഴുക്ക് ഇത് കാരണം പലയിടത്തും തടസ്സപ്പെടുന്നുണ്ട്. നിലവിൽ ചങ്ങണക്കാടുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാൽ മാത്രമായി ചുരുങ്ങുകയാണ് ഭാരതപ്പുഴ. ചങ്ങണക്കാടുകൾ മൂടപ്പെട്ട പ്രദേശങ്ങൾ ഇഴജന്തുക്കളുടെയും കുറുക്കന്മാരുടെയും വിഹാരകേന്ദ്രമാണ്. കാറ്റിൽ ഈ ചെടികളുടെ വിത്തുകൾ പാറി വീഴുന്നിടത്ത് ചങ്ങണച്ചെടികൾ പടരുകയാണ്.
കുറ്റിപ്പുറം മുതൽ ചമ്രവട്ടം പാലം വരെയുള്ള ഭാഗത്ത്ഭാരതപ്പുഴയുടെ വലിയൊരു ഭാഗം ഇവ കവർന്ന നിലയിലാണ്. വർഷക്കാലത്തിന് മുമ്പ് അതത് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇവ നശിപ്പിച്ചാൽ ഇവയുടെ വ്യാപനം തടയാം. ഇതുവഴി പുഴയിൽ ജലം കൂടുതൽ പ്രദേശത്തേക്ക് പരക്കും. വരുംകാലങ്ങളിൽ ഭാരതപ്പുഴ പുൽക്കാടുകൾ നിറഞ്ഞ പ്രദേശമാവുകയും ചെയ്യും. പ്രശ്നപരിഹാരത്തിന് ഗവൺമെന്റ് മാസ്റ്റർപ്ളാൻ തയ്യാറാക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ആവശ്യം.