വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറ അപകട മേഖലയിലെ കൊടുംവളവിൽ ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ പകൽ 12 മണിയോടെയാണ് അപകടം. ഫ്രിഡ്ജ് ലോഡുമായി ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഹരിയാന രജിസ്ട്രേഷൻ ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മുകളിലെ വളവിൽ വെച്ച് തന്നെ വണ്ടിയുടെ ബ്രേക്ക് പൂർണ്ണമായും നഷ്ട്ടപ്പെട്ടതോടെ നിയന്ത്രണം തെറ്റിയാണ് അപകടത്തിൽപ്പെട്ടതെന്ന് ഡ്രൈവർ പറഞ്ഞു. അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിൽ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ മാസം 21നും ഈ മാസം രണ്ടിനും ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാകുകയാണ്.