മലപ്പുറം: ജീവിതശൈലീരോഗ നിയന്ത്രണത്തിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചിടങ്ങളിൽ ഓപ്പൺ ജിംനേഷ്യം ആരംഭിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ സിവിൽ സ്റ്റേഷനിലെ വർഷവാഹിനി ഉദ്യാനത്തിലും ചോക്കാട്, ചാലിയാർ, കുഴിമണ്ണ, കോട്ടയ്ക്കൽ നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഓപ്പൺ ജിംനേഷ്യം ആരംഭിക്കുക. പ്രവേശനം സൗജന്യമായിരിക്കും. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാൻ ആർക്കും ജിമ്മിലേക്കു വരാം. പുലർച്ചെ ആറ് മുതൽ എട്ടു വരെയും വൈകിട്ട് അഞ്ചു മുതൽ രാത്രി വരെയും ജിം ഉപയോഗിക്കാം.
മഴയത്തും വെയിലത്തും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ജിമ്മിൽ സജ്ജീകരിക്കുന്നത്. താത്ക്കാലിക ഷെഡ് ഒരുക്കാനും പദ്ധതിയുണ്ട്. ആറു ലക്ഷം രൂപ ചെലവിലാണ് വർഷവാഹിനി ഉദ്യാനത്തിൽ
ഓപ്പൺ ജിംനേഷ്യം ഒരുക്കുന്നത്. പദ്ധതി ആരംഭിക്കാൻ മറ്റ് നാല് കുടുംബരോഗ്യകേന്ദ്രങ്ങൾക്കും മൂന്നു ലക്ഷം വീതം നൽകും. ഡിസംബറോടെ പദ്ധതി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.