കോട്ടക്കൽ: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച യുവാവ് കോട്ടക്കലിൽ പിടിയിൽ. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് സുഹൈലിനെ ( 21 ) എസ്.എച്ച്.ഒ സി. യൂസഫ് അറസ്റ്റ് ചെയ്തു. കോട്ടക്കലിന് സമീപം ചട്ടിപ്പറമ്പിനും ചാപ്പനങ്ങാടിക്കുമിടയിൽ കഴിഞ്ഞ മാസം 15നാണ് സംഭവം.
മണ്ണാർക്കാട് സ്റ്റേഷനിലെ സി.പി.ഒ കമറുദ്ധീനാണ് പരിക്കേറ്റത്. ഇടതുകൈക്ക് മുറിവേറ്റ ഉദ്യോഗസ്ഥൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവിധ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
ബംഗളുരുവിൽ നിന്നാണ് പ്രതി പിടിയിലായത്. എസ്.ഐ.റിയാസ് ചാക്കീരി, സി.പി.ഒമാരായ ശരൺ, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .