മലപ്പുറം: വഖഫ് ഭൂമികൾ സർവേ ചെയ്ത് റിക്കാർഡ് തയ്യാറാക്കുന്നതിനായി ജില്ലയിലെ നാല് താലൂക്കുകളിലെ 34 വില്ലേജുകളിൽ ഉടൻ സർവേ ആരംഭിക്കുമെന്ന് അസി. ജില്ലാ സർവേ സൂപ്രണ്ട് കെ. ദാമോദരൻ അറിയിച്ചു. ഏറനാട്, നിലമ്പൂർ, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ വില്ലേജുകളിലാണ് സർവേ ആരംഭിക്കുന്നത്. സർവേ നടപടികൾക്കായി ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഏഴ് ഹെഡ് സർവെയർമാരെയും അവരുടെ കീഴിൽ 35 സർവെയർമാരെയും നിയമിച്ചു. ജില്ലാ സർവേ സൂപ്രണ്ടിനെ അസി. സർവേ കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. ഏറനാട് താലൂക്കിൽ 20 വില്ലേജുകളിലും നിലമ്പൂർ, തിരൂർ താലൂക്കിൽ അഞ്ച് വില്ലേജുകളിലും തിരൂരങ്ങാടിയിൽ നാല് വില്ലേജിലുമാണ് സർവേ നടത്തുക.
ഏറനാട് താലൂക്കിലെ പൂക്കോട്ടൂർ, ആനക്കയം, വെട്ടിക്കാട്ടിരി, ഊർങ്ങാട്ടരി, കീഴ് പറമ്പ്, കാരക്കുന്ന്, എടവണ്ണ, പുൽപ്പറ്റ, എളംകൂർ, പെരകമണ്ണ, കാവനൂർ, അരീക്കോട്, തൃക്കലങ്ങാട്, മഞ്ചേരി, നറുകര, പാണ്ടിക്കാട് , ചെമ്പ്രശ്ശേരി,പന്തല്ലൂർ,പാണക്കാട്,പയ്യനാട് വില്ലേജുകളിലും നിലമ്പൂർ താലൂക്കിൽ നിലമ്പൂർ, മമ്പാട്, വണ്ടൂർ, തിരുവാലി, പോരൂർ വില്ലേജുകളിലുമാണ് സർവേ നടത്തുക. തിരൂരിൽ താനൂർ, പരിയാപുരം, നിറമറുതൂർ, താനാളൂർ, ഒഴൂർ വില്ലേജുകളിലും തിരൂരങ്ങാടിയിൽ മൂന്നിയൂർ, പെരുവള്ളൂർ, തേഞ്ഞിപ്പലം, അറിയല്ലൂർ തുടങ്ങിയ വില്ലേജുകളിലും സർവേ ആരംഭിക്കും.
ഡിസംബർ 30 നകം സർവേ നടപടികൾ പൂർത്തിയാകും. വഖഫിന്റെ കണക്കനുസരിച്ച് 13,374 പ്ലോട്ടുകൾ സർവേ നടത്താനുണ്ട്. എന്നാൽ ഇതിന്റെ പത്തിരട്ടിയോളം സർവേ നടത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സർവേയുടെ മുന്നോടിയായി താലൂക്ക് തലത്തിൽ ഇന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ യോഗം ചേരും. അതത് വില്ലേജ് പരിധിയിൽപ്പെട്ട ബന്ധപ്പെട്ട മുത്തവല്ലിമാർ യോഗത്തിൽ പങ്കെടുക്കണം.
തിരൂരങ്ങാടി താലൂക്കിന്റെ യോഗം 11ന് രാവിലെ 10ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലും തിരൂർ താലൂക്ക് തല യോഗം വൈകീട്ട് മൂന്നിന് താനൂർ അട്ടത്തോട് ദിൽദാരുൽ ഉലൂം മദ്രസ്സയിലും നടക്കും. നിലമ്പൂരിന്റേത് 16ന് രാവിലെ 10ന് നിലമ്പൂർ താലൂക്ക് ഓഫീസിലും ഏറനാട് താലൂക്ക് തല യോഗം 21ന് രാവിലെ 11ന് മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ചേരും. വഖഫ് ഭൂമികൾ സർവേ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പള്ളികമ്മറ്റി ഭാരവാഹികൾ ഒരുക്കണമെന്ന് ജില്ലാ സർവേ സൂപ്രണ്ട് അറിയിച്ചു.