മലപ്പുറം: ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ. കുട്ടികൾക്ക് ആവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കണം. ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ സിറ്റിങിൽ അംഗം അഡ്വ. നസീർ ചാലിയം പറഞ്ഞു. എട്ട് പരാതികളാണ് സിറ്റിങിൽ പരിഗണിച്ചത്. പുൽപ്പറ്റ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ലഭിച്ച പരാതിയിൽ കമ്മീഷൻ അംഗങ്ങൾ സന്ദർശനം നടത്തി.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ ആവശ്യമായ സൗകര്യമില്ലെന്ന് കാണിച്ചാണ് പരാതി ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ പരാതികളാണ് മറ്റുള്ളവയും. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നടക്കുന്ന സ്കൂളുകളിൽ കുട്ടികൾക്ക് അടിസ്ഥാന സൗകര്യം നിഷേധിക്കരുതെന്ന് കമ്മീഷൻ ഉത്തരവിട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിങിൽ കമ്മീഷൻ അംഗം ഫാദർ ഫിലിപ്പ് പാറക്കാട്ട്, ജില്ല ശിശുസംരക്ഷണ ഓഫീസർ ഗീതാഞ്ജലി പങ്കെടുത്തു.