മലപ്പുറം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി 2019-20 വർഷത്തേക്കുള്ള എന്റോൾമെന്റ് നടപടികൾ പൂർത്തിയായപ്പോൾ ജില്ലയിൽ 40,4309 കുടുംബങ്ങൾ അംഗങ്ങളായി. 38,375 രോഗികൾക്ക് 30.3കോടി രൂപയുടെ സൗജന്യചികിത്സ നൽകി. 2019 ഏപ്രിൽ ഒന്ന് മുതൽ ഒക്ടോബർ 10 വരെയുള്ള കണക്കാണിത്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കോംപ്രഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ആർ.എസ്.ബി.വൈചിസ്, ചിസ്പ്ലസ്, കാരുണ്യ ബെനവലന്റ് ഫണ്ട്തുടങ്ങിയ പദ്ധതികൾ സംയോജിപ്പിച്ചു കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുമായി ചേർന്ന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 2019 ഏപ്രിൽ ഒന്ന് മുതലാണ് നടപ്പിലാക്കിവരുന്നത്. 2019 മാർച്ച് 31 വരെ കാലാവധിയുള്ള സ്മാർട്ട് കാർഡ് കൈവശമുള്ള എല്ലാ ആർഎസ്ബിവൈ ചിസ് കുടുംബങ്ങൾക്കും, 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയുടെ കത്ത് കിട്ടിയ കുടുംബങ്ങൾക്കുമാണ് പുതിയ പദ്ധതിയിൽ ചേരുന്നതിനുള്ള യോഗ്യത ഉണ്ടായിരുന്നത്. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. പദ്ധതിയിൽ ചേരാവുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. കുടുംബത്തിലെ ഒരംഗമെങ്കിലും കാർഡ് നിലവിൽ എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങൾക്ക് ചികിത്സ ആവശ്യമായി വരുന്നപക്ഷം കൂട്ടിച്ചേർക്കാനുള്ള സൗകര്യം എല്ലാ എംപാനൽ ചെയ്ത ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻകാർഡിൽ പേരില്ലാത്തവരാണ് കൂട്ടിച്ചേർക്കാൻ വരുന്നതെങ്കിൽ റേഷൻകാർഡിലുള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആനൂകൂല്യം എങ്ങനെ ലഭിക്കും
ആശുപത്രിയിൽ പോകുമ്പോൾ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഉടൻ ആരോഗ്യ ഇൻഷുറൻസ് കൗണ്ടറിൽ കാർഡ് കാണിക്കണം. രോഗിയുടെ പേരിൽ അല്ല നിലവിൽ കാർഡ് എടുത്തിരിക്കുന്നത് എങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ കുടുംബത്തിലെ നിലവിലുള്ള അംഗത്തിന്റെ പുതിയ ഇൻഷുറൻസ് കാർഡ്, റേഷൻകാർഡ്, ആധാർകാർഡ് , പഴയസ്മാർട്ട്കാർഡ് എന്നിവ ആശുപത്രിയിലെ കൗണ്ടറിൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. രോഗിയുടെ പേരിൽ കാർഡ് എടുക്കുന്നതിനുള്ള സംവിധാനം ആശുപത്രി കൗണ്ടറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ കാർഡിൽ പേരില്ലെങ്കിൽ ജനനസർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം.
പുതിയതിന് സമയമായിട്ടില്ല
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പുതുതായി ചേരുന്നതിനു അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ ക്ഷണിച്ചതായും, സർക്കാർ ആശുപത്രികൾ വഴി പണമടച്ചു ചേരാവുന്നതാണ് തുടങ്ങിയ സന്ദേശങ്ങൾ വ്യാജമാണ്. പുതിയ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ സർക്കാർ പത്രപരസ്യങ്ങൾ വഴി അറിയിക്കും. കൂടുതൽവിവരങ്ങൾക്ക് 8002002530, 18001212530 എന്നീടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.