പൊന്നാനി: വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ കാര്യത്തിൽ പിന്നാലെയുണ്ടെന്ന് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഈ സർക്കാറിന്റെ കാലാവധി തീരും മുൻപ് പദ്ധതി യാഥാർത്ഥ്യത്തിലേക്കെത്തുമെന്ന് സ്പീക്കറുടെ ഉറപ്പ്. സ്പീക്കറുടെ വാക്ക് പാഴ്വാക്കാകില്ലെന്ന പ്രതീക്ഷയിൽ ചാമ്പ്യൻസ് ബോട്ട് ലീഗുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ നിന്ന് പിൻവാങ്ങുന്നതായി നാട്ടുകാർ. ഈ മാസം 19 ന് ബിയ്യം കായലിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കാനുള്ള ചുണ്ടൻ വള്ളങ്ങൾക്ക് കനോലി കനാലിലൂടെ വരാൻ വെളിയങ്കോട് ചീർപ്പ് പാലം പൊളിക്കണമെങ്കിൽ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ കാര്യത്തിൽ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവെച്ചിരുന്നു. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ കാര്യത്തിൽ ഉറപ്പു ലഭിക്കാതെ ചീർപ്പ് പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
ചുണ്ടൻ വള്ളങ്ങളുടെ സഞ്ചാരപാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന സമ്മർദ്ദ ഭീഷണി ഉയർത്തി വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ കാര്യത്തിൽ അതിവേഗ നടപടികൾ ഉറപ്പാക്കുകയെന്നതായിരുന്നു നാട്ടുകാരുടെ ലക്ഷ്യം. പദ്ധതിയുടെ കാര്യത്തിലെ ഇടപെടലുകൾ എണ്ണിപ്പറഞ്ഞ് ഏറ്റവും പുതിയ സ്ഥിതിവിവരം പ്രദേശവാസികൾക്കു മുന്നിൽ സ്പീക്കർ അവതരിപ്പിച്ചതോടെ കുറച്ചു കാലം കൂടി കാത്തു നിൽക്കാനുള്ള സന്നദ്ധതയിലേക്ക് പ്രതിഷേധവുമായിറങ്ങിയർ മാറി. സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ വിളിച്ചു ചേർത്ത കൺവെൻഷനിലാണ് പദ്ധതി ഏറെ വൈകാതെ യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് കൈമാറിയത്.ജലസേചന വകുപ്പിൽ നിന്നുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നും സ്പീക്കർ വ്യക്തമാക്കി.
പദ്ധതിയുടെ നാൾവഴികൾ അക്കമിട്ട് നിരത്തിയ സ്പീക്കർ പദ്ധതി വൈകുന്നതിനുള്ള കാരണവും വ്യക്തമാക്കി. ദേശീയ ജലപാതയുടെ ഭാഗമായുള്ള നിർദ്ദേശങ്ങളാണ് പദ്ധതി നീണ്ടുപോകാൻ പ്രധാന കാരണം.നിലവിൽ നബാർഡിന്റെ സഹായത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തിമ അനുമതിക്കായി ഫയൽ ജലസേചന വകുപ്പിന് മുന്നിലാണുള്ളത്. നബാർഡിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തടസ്സമുണ്ടായാൽ സംസ്ഥാന സർക്കാർ നേരിട്ട് പദ്ധതി നടപ്പാക്കും. സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിട്ടുള്ള പദ്ധതിയാണിതെന്നും സ്പീക്കർ വ്യക്തമാക്കി. പദ്ധതിക്കായി നടത്തുന്ന സദുദ്ദേശ്യപരമായ മുഴുവൻ മുന്നേറ്റങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും സ്പീക്കർ ഉറപ്പു നൽകി. ഇതേതുടർന്നാണ് കനോലി കനാലിന് കുറുകെയുള്ള ചീർപ്പു പാലം പൊളിക്കുന്നത് തടയുമെന്ന തരത്തിലുള്ള പ്രതിഷേധ പരിപാടികളിൽ നിന്ന് മാറി നിൽക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
ബിയ്യം കായലിൽ നടക്കുന്ന വളളം കളി മത്സരത്തിന്നുള്ള ഒമ്പത് ചുണ്ടൻ വള്ളങ്ങൾക്ക് വഴിയൊരുക്കാൻ മലപ്പുറം ജില്ലയിൽ കനോലി കനാലിന് കുറുകെയുള്ള അഞ്ച് പാലങ്ങൾ പൊളിക്കാനാണ് തീരുമാനിച്ചിരുന്നത്. നാല് പാലങ്ങളുടെ കാര്യത്തിൽ തടസ്സങ്ങളൊന്നുമില്ല. വെളിയങ്കോടിനേയും പുറങ്ങ് മാരാമുറ്റത്തേയും ബന്ധിപ്പിക്കുന്ന ചീർപ്പ് പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെയാണ് വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് ആക്ഷൻ കമ്മിറ്റി രംഗത്തെത്തുകയും പാലം പൊളിക്കാനുള്ള നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തടയുകയും ചെയ്തത്. പൊളിച്ചുമാറ്റുന്ന പാലം മത്സരശേഷം ഉടൻ പുനർനിർമ്മിച്ചു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകുന്നുണ്ടെങ്കിലും അംഗീകരിക്കാൻ നാട്ടുകാർ സന്നദ്ധമായിരുന്നില്ല. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ കാര്യത്തിലുള്ള രേഖമൂലമുള്ള ഉറപ്പാണ് നാട്ടുകാർ പകരമായി ആവശ്യപ്പെട്ടത്.
ലോക്ക് കം ബ്രിഡ്ജിന്റെ കാര്യത്തിൽ സദുദ്ദേശ്യപരമായി നടത്തുന്ന പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആക്ഷൻ കമ്മിറ്റിയുടെ മറവിൽ രാഷ്ട്രീയ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ചിലർ നീക്കം നടത്തുന്നതായി അധികൃതരുടെ ഭാഗത്തുനിന്ന് ആക്ഷേപമുണ്ട്.