edakkara
കാട്ടാന

എടക്കര: കാട്ടാന ശല്യം പതിവായതോടെ മലയോര മേഖലയിലെ കൃഷിയുപേക്ഷിച്ച് മറ്റു വഴികൾ തേടുന്നു. കാടിറങ്ങി വരുന്ന ആനകൾ കൃഷിയിടങ്ങൾ തകർത്തു നാശം വിതക്കുന്നത് പതിവായിട്ടുണ്ട്. മൂത്തേടം, മരംവെട്ടിച്ചാൽ, നെല്ലികുത്ത് ഭാഗങ്ങളിലാണ് ആനക്കൂട്ടങ്ങൾ പതിവായി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻകടവ് പുഴ കടന്ന് നെല്ലികുത്ത് വനത്തിൽ നിന്നാണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നത്. മൂത്തേടം കുറ്റിപുറവൻ അലിയാപ്പുവിന്റെ വാഴയും കമുങ്ങും തെങ്ങുമെല്ലാം വ്യാഴാഴ്ച രാത്രിയെത്തിയ ഒറ്റയാൻ പാടെ നശിപ്പിച്ചിരുന്നു. നാട്ടുകാരുടെ കൂട്ടായ ശ്രമങ്ങൾക്കൊടുവിലാണ് വെള്ളിയാഴ്ച്ച പുലർച്ചയോടെ കൊമ്പനെ തുരത്താനായത്. പോത്തുകല്ല് പഞ്ചായത്തിലെ കുനിപ്പാലയിൽ ചൊവ്വാഴ്ച കാട്ടാനകൾ ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിച്ചിരുന്നു. കൃഷികൾ തുടർച്ചയായി നശിപ്പിക്കപ്പെടുന്നതിനാൽ കർഷകർ വലിയ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം കാണാതെ ഇനി കൃഷിയിറക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തൈതെങ്ങുകളും വാഴയും കമുങ്ങും തീറ്റയ്ക്കായി തകർത്തിരുന്ന ആനക്കൂട്ടങ്ങൾ കുറച്ചു കാലമായി റബ്ബർ മരങ്ങളിലേക്കും തിരിഞ്ഞിരിക്കുകയാണ്. റബ്ബർമരങ്ങളുടെ തൊലിയും ഇവ കുത്തിചീന്തിയെടുത്തു ആഹാരമാക്കുന്നു. ചേലക്കോടൻ റഫീക്കിന്റെ അറുപതോളം റബ്ബർമരങ്ങളാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ ഇതേ രീതിയിൽ നശിപ്പിച്ചത്. ഒരു റബ്ബർ തൈ പരിപാലിച്ചു ടാപ്പിംഗ് വരെ എത്തിക്കുന്നതിനുള്ള ചിലവ് ഭീമമാണ്. മാത്രമല്ല ആന കുത്തിപൊളിക്കുന്ന മരങ്ങൾ പിന്നീട് ഉണങ്ങുകയും ചെയ്യും. വനാതിർത്തികളിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലികളും കിടങ്ങുകളും പേമാരിയിലും ഉരുൾ പൊട്ടലിലും തകർന്നതാണ് ആനകൾ നിരന്തരമായി നാട്ടിലിറങ്ങാൻ കാരണം. നാട്ടുകാരുടെയും കർഷകരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വനം വകുപ്പ് അതികൃതർക്കും കഴിയുന്നില്ല.