മഞ്ചേരി: ഗവൺമെന്റ് മെഡിക്കൽ കോളജിൽ പി.ജി ക്ലാസുകൾ അടുത്ത വർഷത്തോടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോളജ് അധികൃതർ. പി.ജി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പൽ എം.സി.ഐയ്ക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. 18 വകുപ്പുകളിലായി 48 സീറ്റാണ് പി.ജി ആരംഭിക്കുന്നതിനായി മെഡിക്കൽ കോളെജ് അതികൃതർ എം.സി.ഐയോട് ആവശ്യപ്പെട്ടത്. കാർഡിയോളി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ.എൻ.ടി, കമ്മ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് പി.ജി ആരംഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. അടുത്ത ഡിസംബറോടെ ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാകും. പി.ജി ആരംഭിക്കുന്നതോടെ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾ ആശുപത്രിയിലെത്തുന്നവർക്ക് ലഭിക്കും. 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടറർമാരുടെ സേവനം അത്യാഹിത വിഭാഗത്തിലും ലഭിക്കും. ന്യൂറോ സർജ്ജനെ ഡെപ്യൂട്ടേഷനിൽ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. തൃശൂരിലെ ഒരുഡോക്ടർ താമസ സൗകര്യമൊരുക്കിയാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നടത്താമെന്ന് അറിയിച്ചതായാണ് വിവരം. ഇതോടെ അപകടത്തിൽ പരിക്കേറ്റവരെ മറ്റ് മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് അയക്കുന്നതിനും പരിഹാരമാവും. പൊതുമരാമത്ത് വകുപ്പിന് പണം നൽകിയിട്ടും നിർമാണം ആരംഭിക്കാത്ത ഒ.പി ബ്ലോക്ക്, മോർച്ചറി കെട്ടിടം, റേഡിയോളജി, എം.ആർ.ഐ ബ്ലോക്ക് എന്നിവയുടെ നിർമാണം വേഗത്തിലാക്കാൻ കോളേജ് അധികൃതർ സർക്കാറിനോട് ആവശ്യപെട്ടിട്ടുണ്ട് .