chundan
ചുണ്ടൻ വള്ളങ്ങൾ

പൊന്നാനി: ചുണ്ടൻ വള്ളങ്ങൾക്ക് കടന്നു വരാൻ തൃശ്ശൂർ ജില്ലയിലെ കനോലി കനാലിന് കുറുകെയുള്ള കോൺക്രീറ്റ് പാലങ്ങൾ പൊളിച്ചുനീക്കാനായില്ല. പൊന്നാനി ബിയ്യം കായലിൽ 19 ന് നടക്കേണ്ട ചാമ്പ്യൻസ് ബോട്ട് ലീഗ് അനിശ്ചിതത്വത്തിൽ. തൃശൂർ കോട്ടപ്പുറത്തുനിന്നാണ് വള്ളങ്ങൾ ബിയ്യം കായലിൽ എത്തേണ്ടത്. കോട്ടപ്പുറം മുതൽ തൃശ്ശൂർ ജില്ല അതിർത്തിയായ അണ്ടത്തോട് വരെ പതിനഞ്ചോളം പാലങ്ങളാണ് പൊളിച്ചു നീക്കാനുണ്ടായിരുന്നത്. ഇതിൽ മൂന്ന് കോൺക്രീറ്റ് പാലങ്ങൾ പൊളിച്ചുനീക്കാൻ സാധിക്കാത്തതാണ് ബിയ്യം കായലിലെ ചാമ്പ്യൻസ് ബോട്ട് ലീഗിനെ അനിശ്ചിതത്വത്തിലെത്തിച്ചിരിക്കുന്നത്. പാലങ്ങൾ പൊളിച്ചുനീക്കാതെ വള്ളങ്ങൾക്ക് ബിയ്യം കായലിൽ എത്താനാകില്ല. തിങ്കളാഴ്ച്ച പുറപ്പെട്ട് വ്യാഴാഴ്ച്ച ബിയ്യം കായലിൽ എത്തുന്ന തരത്തിലാണ് വള്ളങ്ങളുടെ യാത്ര നിശ്ചയിച്ചിരുന്നത്. പാലങ്ങൾ പൊളിച്ചുനീക്കാൻ പറ്റാത്ത സാഹചര്യത്തിൽ തൃശ്ശൂർ ജില്ല കളക്ടർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കും.
വളയംതോട്, ചാവക്കാട് മണത്തല എന്നിവിടങ്ങളിലെ പഴയ പാലങ്ങാണ് പൊളിക്കാനാകാതെ തടസ്സമായി നിൽക്കുന്നത്. ആറ് ഇരുമ്പ് പാലങ്ങൾ പല ഭാഗങ്ങളിലായുണ്ട്. ഇവ ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണുള്ളത്. പാലം തുരുമ്പെടുത്ത് ദയനീയ അവസ്ഥയിലായതിനാൽ യന്ത്രസഹായത്തോടെ ഉയർത്തുകയെന്നത് എത്രമാത്രം സാധ്യമാകുമെന്നതിൽ ടൂറിസം അധികൃതർക്ക് സംശയമുണ്ട്. വളയംതോടിലേയും മണത്തലയിലേയും പാലങ്ങൾ പൊളിച്ചുനീക്കണമെങ്കിൽ ആധുനിക ഉപകരണങ്ങളുടെ സഹായം തേടേണ്ടി വരും. ഗതാഗതം നിരോധനം ഏർപ്പെടുത്തിയ ശേഷം മാത്രമെ ഇത് സാധ്യമാകൂ. ഗതാഗത തടസ്സമുണ്ടാക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നതിനാൽ അധികൃതർ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ്.
12.5 അടി വരെ ഉയരമുള്ള പലങ്ങൾക്കിടയിലൂടെ മാത്രമെ ചുണ്ടൻ വള്ളങ്ങൾക്ക് കടന്നു പോകാനാകൂ. എന്നാൽ കനോലി കനാലിന് കുറുകെയുള്ള പാലങ്ങളൊക്കെയും ആറു മുതൽ എട്ടടി വരെ ഉയരമാണുള്ളത്. തൃശ്ശൂർ ജില്ലയിൽ 15 ഉം മലപ്പുറം ജില്ലയിൽ 5 ഉം പാലങ്ങളാണ് പൊളിക്കാൻ തീരുമാനിച്ചിരുന്നത്. മലപ്പുറം ജില്ലയുടെ ഭാഗമായ കനോലി കനാലിലെ പാലങ്ങൾ പൊളിച്ചുനീക്കാൻ നടപടി തുടങ്ങിയിരുന്നു. വെളിയങ്കോട് ചീർപ്പ് പാലത്തിന്റെ കാര്യത്തിലുണ്ടായ പ്രതിഷേധങ്ങൾ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ പൊളിക്കേണ്ട പാലങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലെ വ്യക്തത കുറവാണ് അവസാന നിമിഷത്തിലുണ്ടായ അനിശ്ചിതത്വത്തിന് കാരണമെന്ന ആക്ഷേപമാണ് ഉയരുന്നത്. തടസ്സമായി നിൽക്കുന്നത് പഴയ പാലങ്ങളാണെങ്കിലും ഇവ ദിവസങ്ങൾക്കകം പൊളിച്ചുമാറ്റുക സാധ്യമല്ല. ചാമ്പ്യൻസ് ബോട്ട് ലീഗിലെ ബിയ്യം കായലിലെ വേദി മാസങ്ങൾക്കു മുമ്പ് തീരുമാനിച്ചതാണ്. ഇക്കാര്യത്തിൽ ഇരു ജില്ലകളിലേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം നേരത്തെ വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. വള്ളങ്ങൾക്കെത്താൻ വഴിയൊരുക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചിട്ടും സാധ്യാകാതെ പോയത് ബന്ധപ്പെട്ടവരിൽ നിന്നുള്ള വീഴ്ച്ചയിൽ നിന്നാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച തൃശ്ശൂർ കോട്ടപ്പുറത്തായിരുന്നു സി ബി എൽ നടന്നത്. ഇവിടെ പങ്കെടുത്ത 9 വള്ളങ്ങളാണ് ബിയ്യം കായലിൽ എത്തേണ്ടിയിരുന്നത്. നൂറിലേറെ പേർ തുഴയുന്ന കുറ്റൻ വള്ളങ്ങളായതിനാൽ വലിയ ലോറികളിൽ റോഡ് മാർഗ്ഗം എത്തിക്കുക സാധ്യമല്ല. കനോലി കനാലിലൂടെ മാത്രമെ വള്ളങ്ങൾ കൊണ്ടുവരാനാകൂ. അടുത്ത ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിന് ബിയ്യം കായലിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് വള്ളങ്ങൾ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരിക്കുന്നത്.