മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ജില്ലാതല തുടർവിദ്യാഭ്യാസ കലോത്സവമായ അക്ഷരോത്സവം സമാപിച്ചു. 107 പോയിന്റ് നേടി കുറ്റിപ്പുറം ബ്ലോക്ക് ചാമ്പ്യൻമാരായി. 84 പോയിന്റ് നേടിയ കൊണ്ടോട്ടി ബ്ലോക്ക് രണ്ടാം സ്ഥാനവും 67 പോയിന്റ് നേടിയ തിരൂരങ്ങാടി ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ പി.ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.സുധാകരൻ കലോത്സവ സന്ദേശം നൽകി. മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഉമ്മർ അറക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം, സറീന ഹസീബ്, സമീറ എള യേടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.നാസർ, സാക്ഷരതാ മിഷൻ ജനറൽ കൗൺസിൽ അംഗം ടി.ബാബു, ജില്ലാ കോ.ഓർഡിനേറ്റർ സജി തോമസ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി.വി.ശാസ്ത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ വിജയികൾക്കു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ സമ്മാന വിതരണം നിർവ്വഹിച്ചു.