vattapara
വട്ടപ്പാറ വളവ്


വളാഞ്ചേരി: വട്ടപ്പാറ വളവ് അപകട നിവാരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിൽ വെച്ച് വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. റോഡിന്റെ ഘടനയിൽ അടിയന്തിരമായി കഴിയാവുന്ന മാറ്റം വരുത്തുന്നതിന് ഭൂ സർവ്വേ നടത്തും. റോഡിൽ ആവശ്യമായ ബഹു ഭാഷയിലുള്ള സൂചന ബോർഡുകൾ , സിഗ്‌നലുകൾ , ലൈറ്റുകൾ , സി.സി.ടി.വി എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കും. കേടുവന്ന ലൈറ്റ് നന്നാക്കും. ഐ.ഒ.സിയിൽ നിന്നുള്ള വാഹനങ്ങളിൽ നിർബന്ധമായും രണ്ട് ഡ്രൈവർമാർ ഉണ്ടെന്നും പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനമോടിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തും. ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് മോട്ടോർ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിർദ്ദേശം നൽകിയതായി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. വളാഞ്ചേരി നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൺ സി.കെ. റുഫീന, വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ, ടി.പി. അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ ,
തിരൂർ തഹസിൽദാർ ടി.മുരളി, തിരൂർ ജോ. ആർ.ടി.ഒ എം. അൻവർ, നഗരസഭ സെക്രട്ടറി പി. സുനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, എൻ. വേണഗോപാൽ, പി. ജയപ്രകാശ്, പി.പി. ഗണേഷൻ, വളാഞ്ചേരി എസ്.ഐ. കെ.ആർ. രഞ്ജിത്ത്, ഹൈവേ എസ്.ഐ അജയൻ എം.ആർ, വില്ലേജ് ഓഫീസർ ജയശങ്കർ, നഗരസഭ കൗൺസിലർമാർ,​ ഹൈവേ പൊലീസ്, മോട്ടോർ എൻഫോഴ്‌സ്‌മെന്റ്, റവന്യു, പി.ഡബ്ല്യു.ഡി, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു