24 വർഷം മുമ്പ് നടന്ന മറ്രൊരു കൊലപാതകത്തിലും ഇവർക്ക് പങ്ക്
മലപ്പുറം: ആർ.എസ്.എസ് കാര്യവാഹകായിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ ജംഇയ്യത്തുൾ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപക നേതാവടക്കം രണ്ടുപേരെ ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജംഇയ്യത്തുൾ ഇഹ്സാനിയയുടെ സ്ഥാപക നേതാവായ കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത് വീട്ടിൽ ഉസ്മാൻ (51), തൃശൂർ അഞ്ചങ്ങാടി നാലകത്തൊടി യൂസഫ് എന്ന യൂസഫലി (52) എന്നിവരെയാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ചാവക്കാട് സ്വദേശി മുഹ്‌യുദ്ദീൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് യൂസഫലിയെയും ഒളിവിൽ കഴിയവേ മലപ്പുറം കൊളത്തൂരിൽ വച്ച് ഉസ്മാനെയും പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് മറ്റൊരു ബി.ജെ.പി നേതാവിന്റെ കൊലപാതകം സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചു. 24 വർഷം മുമ്പ് കൊളത്തൂരിലുണ്ടായ മോഹനചന്ദ്രന്റെ അപകട മരണം കൊലപാതകമാണെന്നാണ് വിവരം. ഇതോടെ ഈ കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി നിർദ്ദേശിച്ചു. 1995 ആഗസ്റ്റ് 19നാണ് മോഹനചന്ദ്രൻ മരിക്കുന്നത്. അപകടത്തിലാണ് ഇയാൾ മരിച്ചതെന്നാണ് കരുതിയിരുന്നത്. രാത്രി കടയടച്ച് ഭാര്യാവീട്ടിലേക്ക് സൈക്കിളിൽ പോയ മോഹനചന്ദ്രനെ ചെമ്മലശ്ശേരിയിൽ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് കേസന്വേഷിച്ചെങ്കിലും തെളിവില്ലാത്തതിനാൽ 2006ൽ അവസാനിപ്പിച്ചു. എന്നാൽ ഉസ്മാന്റെ നേതൃത്വത്തിൽ ജീപ്പിടിച്ച് വീഴ്ത്തി കൊല്ലുകയായിരുന്നെന്നാണ് ഇപ്പോൾ പൊലീസിന് ലഭിച്ച വിവരം. തൊഴിയൂർ സുനിൽ വധക്കേസിൽ ഉപയോഗിച്ച ജീപ്പ് കസ്റ്റഡിയിലാണ്. ശാസ്ത്രീയമായി ചോദ്യം ചെയ്തതിലൂടെയാണ് മോഹനചന്ദ്രൻ കൊലപാതകത്തിന്റെ ചുരളഴിഞ്ഞതെന്ന് ഡിവൈ.എസ്.പി. കെ.എ.സുരേഷ് ബാബു പറഞ്ഞു.
ഇരുവരും കൊടുംക്രിമിനലുകൾ
1992- 96 കാലഘട്ടങ്ങളിൽ പാലക്കാട്, തൃശൂർ, മലപ്പുറം മേഖലകളിലെ സിനിമാ തിയേറ്ററുകളും കള്ളുഷാപ്പുകളും കത്തിച്ചതിലും നോമ്പ് കാലത്ത് തുറക്കുന്ന ഹോട്ടലുകൾ അക്രമിക്കുന്നതിലും ഉസ്മാൻ നേതൃത്വം നൽകിയതായി പൊലീസ് പറഞ്ഞു.1995ൽ വാടാനപ്പള്ളി രാജീവ് വധക്കേസിൽ പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഉസ്മാൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി ഗൾഫിലേക്ക് കടന്നു. തുടർന്ന് 1997ൽ കോടതിയിൽ കീഴടങ്ങിയ ശേഷമാണ് വിചാരണ നേരിട്ടത്.
സംഘടനയുടെ സജീവ പ്രവർത്തകനായ യൂസഫലി മറ്റൊരു വധക്കേസിൽ പ്രതിയായതോടെ ഗൾഫിലേക്ക് മുങ്ങിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018ൽ മുംബയ് വിമാനത്താവളത്തിൽ വച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. തൊഴിയൂർ സുനിൽ വധക്കേസിന്റെ അന്വേഷണം തന്നിലേക്ക് നീളുന്നുണ്ടെന്ന് മനസിലാക്കിയ യൂസഫലി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.