പൊന്നാനി: നിർമ്മാണം പരോഗമിക്കുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി മെട്രോമാൻ ഇ ശ്രീധരനെത്തി. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
രാവിലെ എട്ടരയോടെയാണ് പൊന്നാനി നരിപ്പറമ്പിലെ സമഗ്ര കുടിവെള്ള പദ്ധതി പ്രദേശത്ത് മെട്രോമാൻ ഇ.ശ്രീധരൻ എത്തിയത്. പദ്ധതി പ്രദേശത്തെത്തിയ അദ്ദേഹം പദ്ധതിയുടെ ഡിസൈനും മറ്റും പരിശോധിച്ചു. പദ്ധതി പ്രദേശത്ത് നടപ്പാക്കുന്ന ട്രീറ്റ്മെന്റ് ടെക്നോളജിയെക്കുറിച്ചും പൈലിംഗിന്റെ രീതികളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് ചോദിച്ചറിഞ്ഞു. പുഴയിൽ സ്ഥാപിക്കുന്ന കിണറിന്റെ പ്രവൃത്തികൾ നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
ട്രീറ്റ്മെന്റ് പ്ലാന്റ് ഫ്ളഡ് ലെവലിനേക്കാൾ ഉയർത്തി സ്ഥാപിച്ചതും ഇ ശ്രീധരൻ വിലയിരുത്തി. അടുത്ത വർഷത്തെ മഴക്കാലത്തിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന തരത്തിൽ പുനക്രമീകരിക്കാനും നിർദ്ദേശിച്ചു. തുടർന്ന് പദ്ധതി പ്രദേശം മുഴുവനായി അദ്ദേഹം സന്ദർശിച്ചു. ഇത് വരെയുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
പൊന്നാനിയിലെ ശുദ്ധജല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഇ ശ്രീധരൻ രംഗത്തുണ്ടായിരുന്നു. നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി എം.ഡിയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
പദ്ധതി പ്രദേശം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യത്തെത്തുടർന്നാണ് ഇ.ശ്രീധരൻ എത്തിയത്. ഓരോ മൂന്ന് മാസം കൂടമ്പോഴും ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പ്രവർത്തന പരോഗതി വിലയിരുത്താനാണ് തീരുമാനം.
വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.പ്രസാദ്, ഡിസൈൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വി.രാജഗോപാൽ, എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ അബ്ദുൾ നാസർ പനോളി, ടി.സിദ്ധീഖ്, അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ, അസി. എഞ്ചിനീയർമാരായ ജയകുമാർ, രതീഷ്, കരാറുകാരൻ ഷാഹുൽ ഓവർസീയർമാർ എന്നിവരും ഇ ശ്രീധരനോടൊപ്പമുണ്ടായിരുന്നു.