മലപ്പുറം: ഫാസ്റ്റ് ഫുഡിന് പകരം വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും ജില്ലാ ഫുഡ് സേഫ്റ്റി വകുപ്പും സംയുക്തമായി മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോട്ടൽ ഭക്ഷണത്തോടുള്ള അമിതാസക്തി പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
ബ്രോയിലർ ചിക്കൻ വിഭവങ്ങളുടെ നീണ്ട നിര തന്നെയുണ്ടിപ്പോൾ. പ്രത്യേകിച്ചും പെൺകുട്ടികൾ ബ്രോയിലർ ചിക്കൻ കഴിക്കുന്നത് തീർത്തും ഒഴിവാക്കണം. ഇതല്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവരും കൂടുതൽ ശ്രദ്ധ പുലർത്തണം. ഭക്ഷണം വീട്ടിലുണ്ടാക്കുന്നതിന് പകരം പുറത്തുനിന്ന് ഓർഡർ ചെയ്യുന്ന പ്രവണത കൂടിയിട്ടുണ്ട്. വീട്ടിലെ അമ്മിക്കല്ലുകൾ പുരാവസ്തുക്കളായി. എല്ലാത്തിനും ഉപകരണങ്ങളെത്തിയതോടെ തനിമയോടെ നല്ല ഭക്ഷണം കഴിക്കാനാവുന്നില്ല. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ ഭക്ഷണത്തോടുള്ള സമീപനത്തിൽ മാറ്റം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്കൂളുകളിൽ നടപ്പാക്കി വരുന്ന സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഫുഡ് സേഫ്റ്റി ക്ലബുകൾ രൂപീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് എം. മുനീറ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ സ്പെഷ്യൽ സപ്ലിമെന്റ്, എസ്.എൻ.എഫ് സി.ഡി, എഫ്.എസ്.എസ്.എ.ഐ യെല്ലാ ബുക്ക് എന്നിവയുടെ പ്രകാശനവും നടന്നു.
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോട്ടപ്പടി താലൂക്ക് ആശുപത്രി ന്യൂട്രീഷ്യനിസ്റ്റ് ടിന്റുവും, ഭക്ഷ്യ സുരക്ഷയിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ കൊണ്ടോട്ടി ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.മുഹമ്മദ് മുസ്തഫ.കെ.സിയും സെമിനാറുകൾക്ക് നേതൃത്വം നൽകി.
എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി മുഖ്യാതിഥിയായി. ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു, ജില്ലാ നൂൺമീൽ ഓഫീസർ ദിനേഷ്, എംഎസ്.പി. സ്കൂൾ പ്രിൻസിപ്പാൾ രേഖ മേലയിൽ, കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് സനൂപ് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.