നിലമ്പൂർ: പി.വി.അബ്ദുൾ വഹാബ് എം.പിയുടെ വീട്ടിലേക്ക് തോട്ടം തൊഴിലാളികൾ മാർച്ച് നടത്തി. വയനാട് കുറിച്യാർമലയിൽ എം.പിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികൾ ആണ് നിലമ്പൂരിലെത്തി മാർച്ച് നടത്തിയത്.
തോട്ടത്തിലെ തൊഴിൽ നിഷേധമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ടി.ബി.പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് എം.പിയുടെ അരുവാക്കോടുള്ള വീടിനു സമീപം പൊലീസ് തടഞ്ഞു.
സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്. വണ്ടൂർ സി.ഐ അബ്ദുൾ മജീദ്, എസ്.ഐമാരായ സജിത്, അമീറലി, ബിനു, വിജയരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിലമ്പൂർ, വണ്ടൂർ, എടവണ്ണ, പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ നിലമ്പൂരിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി തോട്ടത്തിലെ തൊഴിലാളികൾക്ക് മാസം തോറും വളരെ കുറഞ്ഞ ദിവസം മാത്രമാണ് ജോലി ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.