പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷനിലെത്തിയ തീവണ്ടിക്ക് മുകളിൽ കയറിയ യുവാവ് ഭീതി പരത്തി . ഇന്നലെ വൈകിട്ട് 5 മണിക്ക് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിന് മുകളിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. റയിൽവേ സ്റ്റേഷനിലെത്തിയ വണ്ടിയുടെ എഞ്ചിനുള്ളിലേക്ക് ചാടി കയറിയ യുവാവിനെ പൈലറ്റുമാർ വാതിൽ അടച്ച് തടഞ്ഞതിനെ തുടർന്ന് എഞ്ചിന് മുകളിൽ കൂടി യുവാവ് മുകളിൽ എത്തുകയായിരുന്നു പിന്നിട് കംബാർട്ട്മെന്റിന്റ മുകളിലൂടെ ഓടുകയും കിടക്കുകയും ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുമെന്ന ഭീതി സൃഷ്ടിച്ചു താഴെ നിന്ന് നാട്ടുകാരും യാത്രക്കാരും പിന്നീട് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
ഇതിന് ശേഷമാണ് നിരവധി സമയം യാത്ര തടസ്സപ്പെട്ട വണ്ടിക്ക് മുന്നോട്ട് പോവാൻ സാധിച്ചത്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന യുവാവിനെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. പിന്നീട് ആർപിഎഫ് ഉദ്യോഗസ്ഥരെത്തി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നേരിയ രീതിയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് മംഗലാപുരം സ്വദേശി യാണെന്നും റഹ്മാൻ (25) എന്നാണ് പേര് എന്നും റയിൽവേ അധികൃതരോട് വെളിപ്പെടുത്തി .ബുധനാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മൂത്ര സംബന്ധമായ അസുഖത്തിന് കാണിച്ച ശീട്ടും യുവാവിൽ നിന്നും കണ്ടെടുത്തു. അതേസമയം വൈകുന്നേരം അഞ്ചു മണിയോടുകൂടി നടന്ന സംഭവത്തെ കുറിച്ച് ഉടനെത്തന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ഉണ്ട് .