മമ്പാട്: പ്രളയത്തിൽ പൂർണ്ണമായും തകർന്ന മമ്പാട് - പുള്ളിപ്പാടം തൂക്കുപാലം പുനർനിർമ്മിക്കണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മമ്പാട് ഗ്രാമപഞ്ചായത്തിന് നിർദ്ദേശമേകി. ദിനംപ്രതി ആയിരത്തിലധികം പേർ ഉപയോഗിച്ചിരുന്ന തൂക്കുപാലം പൂർണമായും തകർന്നതോടെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശവാസികൾ വലിയ യാത്രാ ദുരിതമാണ് നേരിടുന്നത്. തൂക്കുപാലത്തിന്റെ പുനർനിർമാണം ആവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് ഭരണസമിതി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മാണവുമായി ബന്ധപെട്ട് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. ഇക്കാര്യം ചർച്ച ചെയ്യാനും തുടർനടപടികൾക്കുമായി ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാലയുടെ നേതൃതത്തിൽ അടിയന്തിര ഭരണസമിതി യോഗം ചേർന്നു. ഭാവിയിലെ പ്രളയ സാദ്ധ്യത കൂടി കണക്കിലെടുത്ത് കൂടുതൽ സംരക്ഷമുള്ള തൂക്കുപാലമോ, ഇതല്ലെങ്കിൽ ചെറുവാഹനങ്ങളെങ്കിലും കടന്നുപോവാൻ കഴിയുന്ന നടപ്പാലമോ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.പി.ഉമൈമത്ത്, കബീർ കാട്ടുമുണ്ട, അംഗങ്ങളായ വി.ടി.നാസർ, സി.ബാലൻ, ടി.കെ.ഗോപിക, സലീന ശുക്കൂർ, സരോജിനി ഗോപാലൻ, കണ്ണിയൻ റുഖിയ, പനനിലത്ത് സുഹ്റ, ബുഷ്റ പാലാട്, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ എന്നിവർതകർന്ന പാലം സന്ദർശിച്ചു.