മഞ്ചേരി: തുലാവർഷം തകർത്തു പെയ്യുമ്പോൾ മഞ്ചേരി നഗരം വെള്ളക്കെട്ട് ഭീഷണിയിൽ. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽവരെ വെള്ളം കയറുന്ന അവസ്ഥയാണ്. ഇത് രോഗികളടക്കമുള്ളവരെ വലച്ചു. കനത്തു പെയ്യുന്ന തുലാവർഷം ഇടിമിന്നൽ ഭീതിക്കൊപ്പം വെള്ളക്കെട്ടു ദുരിതമാണ് മഞ്ചേരിയിലുണ്ടാക്കുന്നത്. ശക്തമായ മഴയിൽ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ വരെ വെള്ളം കയറി.
രോഗികളെ പരിശോധിക്കുന്ന സ്ഥലത്തും വിവിധ കാരണങ്ങളാൽ പ്രത്യേക പരിചരണം ആവശ്യമായ രോഗികൾ കിടക്കുന്ന ഭാഗത്തുമെല്ലാം വെള്ളമെത്തി. അത്യാഹിത വിഭാഗത്തിന് പിന്നിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണ് മഴവെള്ളം അതീവ ആരോഗ്യ സുരക്ഷ വേണ്ട സ്ഥലത്തേക്കു ഇരച്ചെത്തിയതെന്നാണ് അധികൃത വിശദീകരണം. ഇത് രോഗികളെയും ഒപ്പമുള്ളവരേയും ഏറെ വലച്ചു. ജീവനക്കാരും സന്നദ്ധ പ്രവർത്തകരും അവസരോചിതമായി ഇടപെട്ടാണ് വെള്ളം നീക്കം ചെയ്തത്. നഗരത്തിൽ സി.എച്ച്. ബൈപ്പാസ് റോഡിലും മെഡിക്കൽ കോളേജ് ആശുപത്രി റോഡിലും വെള്ളം കയറുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ട്.