hhh

തിരൂർ: ആർ.എസ്.എസ് പ്രവർത്തകനായ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാനെ (51) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തീവ്രവാദ സംഘടനയായ ജം ഇയ്യത്തുൽ ഇസ്ഹാനിയയുടെ കണ്ണൂർ,​ കാസർകോട് ജില്ലകളുടെ ചാർജ് വഹിച്ചിരുന്ന ഇയാൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തിരുന്നു.

അന്വേഷണം തന്നിലേക്ക് നീളുന്നുണ്ടെന്ന് മനസിലായതോടെ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. കൊളത്തൂരിലെ ബി.ജെ.പി നേതാവായിരുന്ന പാലൂർ മോഹനചന്ദ്രനെ വധിച്ച കേസിൽ സുലൈമാന് പങ്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. മോഹനചന്ദ്രൻ വധക്കേസിൽ പ്രതിയെന്നു കരുതുന്ന സെയ്തലവി അൻവരിയുടെ അടുത്ത സുഹൃത്തായിരുന്നു സുലൈമാൻ. ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് സുലൈമാൻ ജയിലിൽ കിടന്നിരുന്നു.

1993-94 കാലഘട്ടത്തിൽ ചെറുതുരുത്തിയിൽ വിവിധ ഭാഗങ്ങളിലുണ്ടായ മോട്ടോർ കളവു കേസുകളിൽ അൻവരിയോടൊപ്പം സുലൈമാനും പങ്കെടുത്തിരുന്നു. ജം ഇയ്യത്തുൽ ഇസ്ഹാനിയയുടെ സ്ഥാപകനേതാവ് കൊളത്തൂർ സ്വദേശി ഉസ്മാനുമായി അടുത്ത ബന്ധമുള്ളയാളാണ് അൻവരി.

1994 ഡിസംബർ നാലിനാണ് സുനിലിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. 1995 ആഗസ്റ്റ് 19നാണ് മോഹനചന്ദ്രന്റെ മരണം. പാലൂർ അങ്ങാടിയിൽ പച്ചക്കറിക്കട നടത്തിയിരുന്ന മോഹനചന്ദ്രൻ രാത്രി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വാഹനമിടിച്ച് മരിച്ചെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. സുനിൽ വധക്കേസിന്റെ അന്വേഷണത്തിനിടെയാണ് മോഹനചന്ദ്രനും കൊല്ലപ്പെട്ടതാണെന്ന വിവരം ലഭിച്ചത്. ജീപ്പിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

കേസിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു. അഞ്ചു പേരെ കൂടി കിട്ടാനുണ്ട്. തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.