മലപ്പുറം: നഗരമദ്ധ്യത്തിലെ കുന്നുമ്മൽ ജന്റ്സ് ഫാഷൻ ഷോപ്പിൽ തീപിടിത്തം. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമാണെന്നാണ് പ്രാഥമിക നിഗമനം.
ചെറിയ പൊട്ടിത്തെറിയോടെ കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഉടൻ തന്നെ മലപ്പുറം അഗ്നിരക്ഷാ സേന യൂണിറ്റ് സംഭവസ്ഥലത്തെത്തി കടയുടെ ഷട്ടറുകൾ പൊളിച്ചു നീക്കി തീയണച്ചു. തീപിടിത്തത്തിൽ 70,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ചെമ്മങ്കടവ് സ്വദേശി കക്കംമൂലക്കൽ ഹനീഫയുടേതാണ് കട.
തുടർച്ചയായി രണ്ടാം ദിവസമാണ് മലപ്പുറം നഗരത്തിൽ കടയ്ക്ക് തീപിടിച്ച് അപകടമുണ്ടാകുന്നത്. കഴിഞ്ഞദിവസം കുന്നുമ്മലിൽ പ്രവർത്തിക്കുന്ന കൂൾബാറിൽ പാചകവാതക സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. ഹെഡ് പോസ്റ്റോഫീസ് എതിർവശത്ത് പ്രവർത്തിക്കുന്ന കൂൾബാറിൽ സംഭവം നടക്കുമ്പോൾ കടയിലെ ജീവനക്കാർ ജുമുഅ നിസ്കാരത്തിന് പള്ളിയിൽ പോയതിനാൽ ആളപായം ഒഴിവായിരുന്നു. രക്ഷാപ്രവർത്തനത്തിന് മലപ്പുറം യൂണിറ്റ് സ്റ്റേഷൻ ഓഫീസർ എൽ. സുഗുണൻ, ഫയർമാൻമാരായ മുഹമ്മദ് ഷിബിൻ, ശരത്കുമാർ, വിമൽകുമാർ, വിജീഷ്, മനോജ് മുണ്ടേക്കാട്, ടി. പി. പ്രശാന്ത് നേതൃത്വം നൽകി.