തിരുരങ്ങാടി: തിരുരങ്ങാടി മിനിസിവിൽ സ്റ്റേഷനിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നു. പരാതികളെ തുടർന്ന് രാത്രി എട്ട് മണി മുതൽ സിവിൽ സ്റ്റേഷൻ ഗേറ്റ് പൂട്ടിയിടണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഇതുവരെ ജീവനക്കാർ പാലിച്ചിട്ടില്ല. 2018 ഒക്ടോബർ 14ന് ജില്ലാകളക്ടറായിരുന്ന അമിത് മീണ തിരുരങ്ങാടി തഹൽസിദാരോട് രാത്രിയിൽ ഗേറ്റ് പൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും, തിരുരങ്ങാടി എസ്.ഐയേയും ഉൾപ്പെടുത്തി അന്നത്തെ തഹൽസിൽദാർ പി.ഷാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കളക്ടറുടെ നിർദ്ദേശം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജീവനക്കാർ ഇക്കാര്യം ഇതുവരെ ചെവികൊണ്ടിട്ടില്ല. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയിട്ട സിവിൽ സപ്ലൈസ് വകുപ്പിന്റെ ജീപ്പ് ടയർ കാറ്റഴിച്ചുവിടുകയും മോട്ടോർവാഹന വകുപ്പിന്റെ ജീപ്പിന്റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തതോടെയാണ് ഗേറ്റ് പൂട്ടിയിടാൻ കളക്ടർ നിർദ്ദേശിച്ചത്.
ഒന്നും നടന്നില്ല
വൈകിട്ട് അഞ്ചിന് ശേഷം ഗേറ്റ് പൂട്ടിയിടാനായിരുന്നു തീരുമാനം. പൊലീസിന്റെ നൈറ്റ് പെട്രോളിങ് ശക്തമാക്കാനും ഓഫീസ് സമയത്തിന് ശേഷം സിവിൽസ്റ്റേഷനിൽ പ്രവേശിക്കുന്ന വാഹനത്തിന്റെ ഡ്രൈവക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു. അനധികൃത പാർക്കിംഗ് വാഹനങ്ങൾ പിടിക്കുടുവാൻ തിരുരങ്ങാടി ആർ.ടി ഒയ്ക്ക് നിർദ്ദേശവുമേകിയിരുന്നു.