പെരിന്തൽമണ്ണ: പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുംവിധം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന പാതയോര ഭക്ഷണശാലകളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിർദ്ദേശങ്ങൾ പാലിക്കുന്ന കടകളുടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യുംവിധത്തിലാണ് ഇവയുടെ പ്രവർത്തനം. ജില്ലയിലെ മിക്ക നഗരങ്ങളിലും അനാരോഗ്യകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന പാതയോര ഭക്ഷണ ശാലകൾ നിരവധിയാണ്.
പലയിടങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്. പാതയോരങ്ങളിൽ പ്രദർശിപ്പിക്കുന്ന ഭക്ഷണ വസ്തുക്കളിൽ പൊടിപടലങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ വീഴാതിരിക്കാൻ സംവിധാനങ്ങളൊരുക്കിയിട്ടില്ല. ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ പലതവണ ഉപയോഗിക്കുന്നത് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകും. പാതയോരങ്ങളിൽ ഇതരസംസ്ഥാനക്കാർ പാചകക്കാരായ തട്ടുകടകൾ നിരവധിയാണ്. ചൂടോടെ പലഹാരങ്ങൾ വിൽക്കുന്ന കടകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വൈകിട്ട് മുതൽ രാത്രി വരെ വലിയ കച്ചവടങ്ങളാണ് ഇവിടങ്ങളിൽ നടക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൾക്ക് മുകളിലാണ് ചൂട് പലഹാരങ്ങളിടുന്നത്. പാർസലായി പലഹാരങ്ങൾ നൽകുന്നത് നേർത്ത പ്ലാസ്റ്റിക് കവറുകളിലും. പലതവണ ചൂടാക്കിയ എണ്ണകളടക്കം അനാരോഗ്യകരമായ വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഇത്തരം കേന്ദ്രങ്ങളിലൊന്നും പരിശോധന നടത്തുന്നില്ല.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മഞ്ചേരിയിലെ ഭക്ഷണ ശാലകളിൽ പരിശോധന നടത്തിയിരുന്നു. പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ഹോട്ടലുകൾ, തട്ടുകടകൾ, കൂൾബാറുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തലേദിവസം പാചകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കൻ, ബീഫ്, ജ്യൂസുകൾ, പൊറോട്ട മാവ്, നിരോധിത പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പരസ്പരം കൂട്ടികലർത്തി വെച്ചതായും കണ്ടെത്തി.