മലപ്പുറം: കാലവർഷം ശക്തമായതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തഹസിൽദാർമാരോട് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. തഹസിൽദാർമാരുടെ നിർദേശങ്ങളോട് പൊതുജനങ്ങൾ സഹകരിക്കാനും കളക്ടർ അഭ്യർത്ഥിച്ചു.
ജില്ലാതലത്തിലും താലൂക്കടിസ്ഥാനത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിന്റെ 04832 736320, 326, 1077(ട്രോൾ ഫ്രീ)വാട്ട്സ് ആപ്പ് നമ്പർ 9383463212, 9383464212 എന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. ജില്ലാതല കൺട്രോൾ റൂമിന് ജില്ലാകളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടറും മേൽനോട്ടം വഹിക്കും. താലൂക്കാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ജില്ലാകളക്ടർക്ക് യഥാസമയം കൈമാറാനും നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയവരുടെ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പുകൾ യഥാസമയം ജനങ്ങളോട് ശ്രദ്ധിക്കാനും വ്യാജ അറിയിപ്പുകൾ ഒഴിവാക്കാനും കളക്ടർ നിർദേശം നൽകി.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശമനുസരിച്ച് നാളെ ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24, 25 തീയതികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലയിൽ 24 മണിക്കൂറിൽ 205 മി.മി ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.