പൊന്നാനി: 'കേരളം സന്ദർശിച്ചിട്ടില്ല. കേരളം നയന മനോഹരമാണെന്ന് കേട്ടിട്ടുണ്ട്. ഒരുദിവസം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിൻഡ ആർഡൻ പത്താം ക്ലാസുകാരി അമാന അഷറഫിനെഴുതിയ കത്തിലെ വരികളാണിത്. ജസിൻഡയുടെ ജന്മദിന വേളയിൽ അമാന എഴുതിയ കത്തിനുള്ള മറുപടിയിലാണ് പ്രകൃതി സുന്ദരമായ ന്യൂസിലാന്റിന്റെ ഭരണധികാരി കേരളത്തെ കുറിച്ച് കേട്ടറിഞ്ഞ അതിശയം പങ്കുവെച്ചത്. കഴിഞ്ഞ ജൂലൈ 20നാണ് അമാന ന്യൂസിലാന്റ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജന്മദിന ആശംസ നേർന്നായിരുന്നു കത്ത്.
ന്യൂസിലാന്റിലെ മുസ്ലിം പള്ളിയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച ഇടപെടലുകളേയും നടപടികളേയും പ്രകീർത്തിച്ചായിരുന്നു അമാനയുടെ കത്ത്. സ്നേഹവും കരുതലും പ്രകടമാക്കി ഭകരാക്രമണത്തെ അതിജയിച്ച ഭരണാധികാരിയ ജസിൻഡയോടുള്ള ഇഷ്ടം അമാന കത്തിലൂടെ പ്രകടമാക്കി. അധികാരത്തിലിരിക്കെ പ്രസവിച്ച രണ്ടാമത്തെ ഭരണാധികാരിയെന്ന ഖ്യാതിയുള്ള ജസിൻഡയുടെ കുഞ്ഞിനെ കുറിച്ച് അമാന തന്റെ കത്തിൽ അന്വേഷിക്കുന്നുണ്ട്. ഒരു വയസ്സുകാരി നെവ് സുഖമായിരിക്കുന്നുവെന്ന് ജസിൻഡ മറുപടിയിൽ വ്യക്തമാക്കുന്നു. 'അവൾ വളരുകയാണ്. സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. അത് കേൾക്കാൻ നല്ല രസമാണ്. കാണുന്നവരോട് ഹായ് പറയുന്നുണ്ട്. ' കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങൾ ഇങ്ങനെ തുടരുന്നു. ഭീകരാക്രമണത്തിൽ പകച്ചു നിന്ന ന്യൂസിലാന്റിന് ലോകം പിന്തുണയുടെ കരുത്ത് പറഞ്ഞറിയിക്കാനാകാത്തതാണ്. ഇക്കൂട്ടത്തിൽ ഒന്നായാണ് അമാനയുടെ കത്തിനെ കാണുന്നതെന്നും കത്തിലെ വരികൾ ഇഷ്ടമായെന്നും ജസിൻഡ കുറിക്കുന്നു. കത്തിലെ മറ്റു വരികൾ ഇങ്ങനെ: നിങ്ങളുടെ ദയാപരമായ വാക്കുകൾക്ക് നന്ദി. കഴിഞ്ഞ ഏതാനും മാസങ്ങൾ ന്യൂസിലാന്റിന് പ്രയാസകരമായിരുന്നു. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിന്. വെറുപ്പിനും വിഭാഗീയതക്കും ഇടം നൽകാത്ത നിരവധി പേർ ലോകത്ത് ഞങ്ങൾക്ക് സുഹൃത്തുക്കളായുണ്ടെന്ന് ന്യൂസിലാന്റ് തിരിച്ചറിയുന്നുവെന്നും ജസിൻഡ കുറിക്കുന്നു. 39ാം ജന്മവാർഷികദിന ആശംസ നേർന്നാണ് അമാന കത്തെഴുതിയത്. ന്യൂസിലാന്റിൽ പഠിക്കാനുള്ള ആഗ്രഹവും അമാന കത്തിൽ പ്രധാനമന്ത്രിയുമായി പങ്കുവെക്കുന്നുണ്ട്.
ഒക്ടോബർ ഒന്നിനാണ് മറുപടി കത്ത് തപാൽ വഴി പോസ്റ്റ് ചെയ്തത്.
പ്രൈം മിനിസ്റ്റർ, പ്രൈവറ്റ് ബാഗ്, പാർലിന്റ് ബിൽഡിംഗ്, വെല്ലിംഗ്ടൺ, ന്യൂസിലാന്റ് 6160 എന്ന ലെറ്റർ ഹെഡിൽ കത്തിന് വിശദമായ മറുപടി ലഭിച്ചതിലുള്ള അതിശയത്തിലാണ് അമാന. പെരുമ്പിലാവ് അൻവാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ് അമാന. മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി കെ അഷറഫിന്റെയും വഹീദയുടേയും മകളാണ് അമാന