മലപ്പുറം: മാനത്ത് ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞതോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു.ചൊവ്വാഴ്ച്ച പുലർച്ചെയും മഴ തുടർന്നെങ്കിലും പകൽ മഴ മാറിനിന്നതോടെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേർട്ട് പിൻവലിച്ച് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ന് ഓറഞ്ച് അലേർട്ടാണ്. നാളെയും മറ്റന്നാളും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ടുദിവസങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ പ്രളയം ആവർത്തിക്കുമോയെന്ന ഭയത്തിലായിരുന്നു മലയോരം. ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. പുഴകളിൽ ജലവിതാനം ഉയർന്നതും കൈവരികളും തോടുകളും നിറഞ്ഞൊഴുകിയതും മുന്നിൽകണ്ട് ജില്ലാ ഭരണകൂടം മുൻകരുതലുകളുമെടുത്തു.
പരിഹരിക്കപ്പെട്ടേക്കും
മഴയിലെ കുറവ് ജില്ലയിൽ തുടരുകയാണ്. സെപ്തംബറിൽ നാല് ശതമാനത്തിന്റെയും ഒക്ടോബറിൽ 15 ശതമാനത്തിന്റെയും കുറവ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് രേഖപ്പെടുത്തി.
സെപ്തംബറിൽ 84.9 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 81.7 മില്ലീമീറ്ററാണ് ലഭിച്ചത്. സെപ്തംബർ അവസാനം മഴയിൽ വലിയ കുറവുണ്ടായി.
ഒക്ടോബർ ഒന്നുമുതൽ 16 വരെ 171.5 മില്ലീ മീറ്റർ ലഭിക്കേണ്ടപ്പോൾ 146 മില്ലീമീറ്റർ ലഭിച്ചു.
വരുംദിവസങ്ങളിലും താരതമ്യേന മികച്ച മഴ ലഭിച്ചേക്കാം എന്നതിനാൽ മഴക്കുറവിൽ മാറ്റം വന്നേക്കുമെന്ന് അധികൃതർ പറയുന്നു.
പല ജില്ലകളെയും അപേക്ഷിച്ച് മഴക്കുറവ് വലിയ രീതിയിൽ ജില്ലയെ ബാധിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം പത്തനംതിട്ട ഒഴികെ മറ്റെല്ലായിടങ്ങളിലും മഴക്കുറവുണ്ട്. പത്തനംതിട്ടയിൽ 14 ശതമാനം അധിക മഴ ലഭിച്ചു.
പ്രതീക്ഷിച്ച അതി തീവ്രമഴയുടെ സാഹചര്യമില്ല. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂനമർദ്ദം കേരളം വിട്ടുപോവുന്നതുവരെ ജാഗ്രത പാലിക്കണം.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്