മലപ്പുറം: വനിതാ കമ്മീഷൻ നടത്തിയ മെഗാ അദാലത്തിൽ ഏഴ് പരാതികൾ തീർപ്പാക്കി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 59 കേസുകളാണ് ഇന്നലെ പരിഗണനക്ക് വന്നത്. ഒരു പരാതിയിന്മേൽ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബാക്കിയുള്ള 51 കേസുകൾ നവംബർ 16 ന് നടക്കുന്ന അടുത്ത അദാലത്തിൽ പരിഗണിക്കും. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷനിൽ എത്തുന്ന പരാതികളുടെ എണ്ണം ജില്ലയിൽ കുറഞ്ഞു വരുന്നതായി വനിതാകമ്മീഷൻ അംഗം ഇ.എം രാധ പറഞ്ഞു.
തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഇന്നലെ പരിഗണനക്ക് വന്ന അഞ്ച് പരാതികൾ. തൊഴിലിടങ്ങളിലെ അവകാശങ്ങളെ കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്താൻ കമ്മീഷൻ നടത്തിയ ബോധവത്കരണ പരിപാടികൾ കാരണമായിട്ടുണ്ട്. അതിനാലാണ് തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ കമ്മീഷനുമുമ്പാകെ എത്തുന്നത്. ജില്ലയിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വളാഞ്ചേരിക്കടുത്ത എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെ മറ്റു അധ്യാപകർ നൽകിയ പരാതിയും കമ്മീഷന്റെ പരിഗണനക്ക് വന്നു. ഈ പരാതി തീർപ്പാക്കുന്നതിന് സ്കൂൾ മാനേജറോട് അടുത്ത സിറ്റിങിൽ ഹാജരാവാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിയുമായെത്തുന്ന സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനുകളിൽ മതിയായ പരിഗണന നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അഡ്വ. ബീന, അഡ്വ. രാജേഷ് പുതുക്കാട് അദാലത്തിൽ പങ്കെടുത്തു.