പൊന്നാനി: ദേശീയപാതയിൽ പുതുപൊന്നാനി പാലത്തിന് സമീപം രണ്ട് പോത്തിന്റെ അഴുകിയ ജഡങ്ങൾ തള്ളിയ നിലയിൽ. നാട്ടുകാരുടെ പരാതിയെ തുടർന്ന് പിന്നീട് പഞ്ചായത്ത് അധികൃതരെത്തി ജഡങ്ങൾ എടുത്തുമാറ്റി. പാലം അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയ നിലയിലാണ്. ഇതവസരമാക്കിയാണ് മാലിന്യങ്ങൾ തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ കഴിഞ്ഞവർഷം പഴയ കടവ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ പോത്തിന്റെ ജഡങ്ങൾ തള്ളുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സി.സി ടിവി സ്ഥാപിച്ചതിന് ശേഷം മാലിന്യം തള്ളുന്നതിന് വലിയ കുറവുണ്ടായിരുന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതറിയാത്ത ഇതരസംസ്ഥാന കച്ചവടക്കാരാണ് ജഡം റോഡരികിൽ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനും, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർക്കും, ആരോഗ്യവകുപ്പിവും അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.