മഞ്ചേരി: അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിച്ച് മലപ്പുറം പന്തല്ലൂർ ഹിൽസ് സ്വദേശി ക്ളിന്റ് മാത്യു അഭ്രപാളികളിലെത്തും. സ്വന്തമായി ശബ്ദവും നൽകും. അതിലെന്താ പ്രത്യേകത എന്നല്ലേ.... ജന്മനാ കാഴ്ചശക്തിയില്ലാത്തയാളാണ് ക്ളിന്റ് മാത്യു. കാഴ്ച്ചശക്തിയില്ലാത്ത ഒരാൾ സ്ക്രീനിലും അതേ റോളിൽ നായകനായെത്തുന്നതും സ്വന്തമായി ശബ്ദവും നൽകുന്ന അപൂർവതയാണ് സിദ്ദിഖ് പറവൂർ സംവിധാനം ചെയ്യുന്ന താഹിറ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്.കഠിനാദ്ധ്വാനത്തിലൂടെ ജീവിതം പുലർത്തുന്ന ബിച്ചാപ്പുവിനെയാണ് ക്ളിന്റ് മാത്യു സിനിമയിൽ അവതരിപ്പിക്കുന്നത്.
മിമിക്രിയും ലളിതഗാനവും കവിതയുമൊക്കെയായി കലാരംഗത്ത് സജീവമാണെങ്കിലും കാമറയ്ക്ക് മുമ്പിലെ അഭിനയം ഇതാദ്യമാണ്. 'നീ അഭിനയിക്കേണ്ട, ജീവിച്ചാൽ മതി' എന്ന സംവിധായകന്റെ വാക്കുകളാണ് ഉള്ളിലെ അഭിനേതാവിന് ധൈര്യമേകിയത്. അതിമാനുഷികനായും കോമാളിയായുമൊക്കെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട അന്ധകഥാപാത്രങ്ങൾക്ക് പകരം വ്യത്യസ്തമായ മുഖമായിരിക്കും തന്റെ കഥാപാത്രമായ ബിച്ചാപ്പുവിനുണ്ടാവുകയെന്ന് ക്ളിന്റ് മാത്യു പറയുന്നു.പന്തല്ലൂർ ഹിൽസിലെ കെ.എം. മാത്യു -ഫിലോമിന മാത്യു ദമ്പതികളുടെ നാല് മക്കളിൽ ഇളയവനാണ് ക്ളിന്റ് മാത്യു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഹെവൻ കെല്ലർ ബ്ളൈന്റ് സ്കൂളിലെ അദ്ധ്യാപകനാണ്. എം.എ മലയാളം,ബി.എഡ്, എന്നിവയ്ക്കു ശേഷം സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡിപ്ലോമ നേടി.കുടുംബശ്രീ പ്രവർത്തകയായ അഴീക്കോട് സ്വദേശി താഹിറയാണ് സ്വന്തം പേരിലുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.