മലപ്പുറം: ലേബർ കാർഡ് അനുവദിക്കാൻ ചുമട്ടുതൊഴിലാളിയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ കൃഷ്ണനെ വിജിലൻസ് പിടികൂടി. സി.ഐ.ടി.യു ഭാരവാഹിയും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയുമായ അബ്ദുൽ വാഹിദിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഫെബ്രുവരിയിലാണ് ലേബർ കാർഡിനായി കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസിൽ അപേക്ഷിച്ചത്.
അബ്ദുൽവാഹിദിനും മറ്റ് 14 അംഗങ്ങൾക്കും ലേബർ കാർഡനുവദിക്കാൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അന്ന് പരാതിക്കാരനും യൂണിറ്റംഗങ്ങളും ചേർന്ന് 5,000 രൂപ പിരിച്ചെടുത്ത് കൃഷ്ണന് നൽകിയതോടെ അഞ്ച്പേരുടെ ലേബർ കാർഡ് നൽകി. പിന്നീട് പല തവണകളായി കൃഷ്ണനെ സമീപിച്ചതിൽ നാലുപേരുടെ കാർഡുകൾ കൂടി അനുവദിച്ചു. ശേഷിക്കുന്ന കാർഡുകൾക്കായി ഓഫീസിലെത്തിപ്പോൾ വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി. എ.രാമചന്ദ്രന് പരാതി നൽകിയത്. വിജിലൻസ് നൽകിയ ഫിനോഫ്തലിൽ പുരട്ടിയ തുക ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പരാതിക്കാരൻ ലേബർ ഓഫീസിൽവച്ച് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ എം.ഗംഗാധരൻ, എ.എസ്.ഐമാരായ മുഹമ്മദലി, വിജയകുമാർ, മോഹനകൃഷ്ണൻ, മോഹൻദാസ്, ശ്രീനിവാസൻ, സീനിയർ സിവിൽപൊലീസ് ഓഫീസർമാരായ ഹനീഫ.ടി.ടി, മുഹമ്മദ് റഫീഖ്.ടി, ദിനേശ്.പി, ജയപ്രകാശ്, സിവിൽപൊലീസ് ഓഫീസർമാരായ പ്രജിത്ത്, സിദ്ദീഖ്, സന്തോഷ്, സബീർ മുഹമ്മദ്. അബ്ദുസ്വബൂർ, വിജേഷ്.വി.സി, അജിത്കുമാർ, മണികണ്ഠൻ.ടി, ജസീർ, ക്ലർക്ക് ഹനീഫ എന്നിവരാണ് പ്രതിയെ പിടികൂടിയത്.