മലപ്പുറം: മുന്നണിക്കുള്ളിലെ ചെറിയ അനൈക്യങ്ങളാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും ഉപതിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രവർത്തനം ഐക്യത്തോടെയെങ്കിൽ വിജയം സുനിശ്ചിതമെന്നതിന് ഉത്തമ ഉദാഹരണമാണ് മഞ്ചേശ്വരം. അഭിപ്രായ വ്യത്യാസങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് ഉപതിരഞ്ഞെടുപ്പേകുന്ന പാഠം. തോൽവി ആരുടെയും തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. പാർട്ടികളും ബന്ധപ്പെട്ട മുന്നണികളും ഉത്തരവാദിത്വം ഏറ്റെടുക്കണം. യു.ഡി.എഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ടായിരുന്നു. അതിന് പകരം മറ്റു സംഘടനകളെ പഴിച്ച് രക്ഷപ്പെടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.