താനൂർ: സി.പി.എം - മുസ്ലിം ലീഗ് സംഘർഷം നിലനിൽക്കുന്ന താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് (36) ഇന്നലെ രാത്രി എട്ടോടെ കൊല്ലപ്പെട്ടത്. വൈദ്യുതി നിലച്ച സമയത്തായിരുന്നു ആക്രമണം.
ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുടിയിൽ നേരത്തെ സി.പി.എം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണ്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാൽ, സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളും മുൻവൈരാഗ്യവുമാണ് അക്രമത്തിന് കാരണമെന്നും സി.പി.എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.