മലപ്പുറം: പ്രളയത്തിന് പിന്നാലെ ശമിച്ച പകർച്ചപ്പനി ജില്ലയിൽ വീണ്ടും പടരുന്നു. ചികിത്സ തേടിയെത്തുന്നവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞിട്ടുണ്ട്. ഒരുവീട്ടിൽ ഒരാൾക്ക് പനി ബാധിച്ചാൽ കൂട്ടത്തോടെ രോഗബാധിതരാവുന്ന സ്ഥിതിയാണ്. പകർച്ചപ്പനി ബാധിതരുടെ രക്തസമ്മർദ്ദം കുറയുന്നതിനാൽ കടുത്ത ക്ഷീണവുമുണ്ട്. ദിവസങ്ങൾ നീളുന്ന സന്ധിവേദന രോഗികളെ ഏറെ വലയ്ക്കുന്നു. മലയോര മേഖലകളിലാണ് പനിബാധിതർ ഏറെയും. പനി പടരുന്നതിനാൽ വിദ്യാലയങ്ങളിലെ ഹാജർ നിലയിലും കുറവുണ്ട്.
കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ പിന്നാക്കം പോയതാണ് വിനയായത്. പ്രളയത്തിൽ കൂത്താടികൾ വലിയതോതിൽ നശിച്ചതോടെ രോഗവ്യാപനത്തിലും കുറവുണ്ടായിരുന്നു. മഴയും വെയിലും ഇടവിട്ടുള്ള നിലവിലെ കാലാവസ്ഥ കൊതുകുകൾക്ക് വളരാൻ ഏറെ അനുയോജ്യമാണ്. അഞ്ച് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ കൂത്താടികൾ കൊതുകുകളായി രൂപപ്പെടും. വാസസ്ഥലത്ത് നിന്ന് പരമാവധി 300 മുതൽ 500 അടിവരെ മാത്രമേ കൊതുകുകൾ പറക്കൂ എന്നതിനാൽ പരിസര ശുചീകരണത്തിലൂടെ രോഗവ്യാപനം കുറയ്ക്കാനാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഡെങ്കി മുതൽ സിക്ക വരെ പടർത്താൻ ശേഷിയുള്ള ഈഡിസ് കൊതുകുകളുടെ സാന്ദ്രത ജില്ലയിൽ വലിയതോതിലുണ്ട്. മലമ്പനി പരത്തുന്ന അനോഫിലസ്, മന്തും ജപ്പാൻ ജ്വരവും പടർത്തുന്ന ക്യൂലക്സ് കൊതുകളുമുണ്ടെങ്കിലും ഈഡിസ് കൊതുകുകളാണ് സാന്ദ്രതയിൽ മുന്നിൽ.
ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊതുക് - കൂത്താടി നശീകരണ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ശക്തമാണ്. വീടുകളുടെയും മറ്റും പരിസര ശുചീകരണത്തിലെ അലംഭാവമാണ് രോഗവ്യാപനം കൂട്ടുന്നത്.
രോഗികൾ കൂടുന്നു
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഒരാഴ്ച്ചയ്ക്കിടെ 9,308 പേർ പനി ബാധിച്ച് ചികിത്സ തേടി. സ്വകാര്യ ക്ലിനിക്കുകളിലെ എണ്ണം കൂടിയെടുത്താൽ ഇരട്ടിയിലധികമാവും.
വൈറൽ പനിയാണ് കൂടുതലും. ഡെങ്കിയുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 56 പേർ ചികിത്സ തേടിയപ്പോൾ 28 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.
ആലങ്കോട്, മങ്കട, കാളികാവ്, മഞ്ചേരി, ചീക്കോട്, ഊർങ്ങാട്ടിരി, ആനക്കയം, തൃക്കലങ്ങോട്, പാണ്ടിക്കാട്, പൂക്കോട്ടൂർ, കാവന്നൂർ എന്നിവിടങ്ങളിലാണ് രോഗബാധിതർ ഏറെയുള്ളത്.
14 പേർക്ക് എലിപ്പനി സ്ഥീരീകരിച്ചു.
നാലുദിവസത്തിനിടെ മൂന്ന് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തതും ആശങ്കയുയർത്തുന്നു. ഒതുക്കുങ്ങൽ, പാലപ്പെട്ടി, പുഴക്കാട്ടിരി എന്നിവിടങ്ങളിലാണിത്. ഇതരസംസ്ഥാന തൊഴിലാളികളാണ് മലമ്പനി വാഹകർ.
കൊതുക് നശീകരണത്തിലൂടെയേ രോഗവ്യാപനം കുറയ്ക്കാനാവൂ. പരിസര ശുചീകരണത്തിന് കൂട്ടായ പരിശ്രമം അനിവാര്യമാണ്.
ആരോഗ്യ വകുപ്പ്
അധികൃതർ