താനൂർ: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഒന്നാം പ്രതി മുഫീസ്, രണ്ടാം പ്രതി മഷ്ഹുദ് , മൂന്നാം പ്രതി ത്വാഹ എന്നിവരെയാണ് പിടികൂടിയത്. മൂവരും സി.പി.എം പ്രവർത്തകരാണ്. നാലംഗ സംഘമാണ് അഞ്ചുടിയിലെ കുപ്പന്റെ പുരയ്ക്കൽ ഇസ്ഹാക്ക് എന്ന റഫീക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മത്സ്യത്തൊഴിലാളിയായ ഇസ്ഹാക്ക് അഞ്ചുടി മുസ്ലിം യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡന്റാണ്.
വ്യാഴാഴ്ച രാത്രി ഇശാ നിസ്ക്കാരത്തിന് വീടിന് സമീപമുള്ള അഞ്ചുടി ജുമാ മസ്ജിദിലേക്ക് പോകുമ്പോൾ സമീപമുള്ള മദ്രസയ്ക്ക് മുന്നിലെ റോഡിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്ന് 25 മീറ്റർ ദൂരത്തായിരുന്നു സംഭവം. കൊലയാളികൾ ഇടവഴികളിലൂടെ ഓടി രക്ഷപ്പെട്ടു. ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതി ഉണ്ടായിരുന്നില്ല. ബഹളം കേട്ട് ഓടി വന്ന നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
താനൂരിന്റെ തീരമേഖലകളിൽ സി.പി.എം-ലീഗ് സംഘർഷങ്ങൾ പതിവാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് സി.പി.എം പ്രവർത്തകന് സംഘർഷത്തിൽ പരിക്കേറ്റ് ഇപ്പോഴും കിടപ്പിലാണ്. സംഭവം നടന്നയുടൻ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ പൊലീസ് , ആർ.എ.എഫ്, എം.എസ്.പി പൊലീസ് വിഭാഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീരദേശം സമാധാനത്തിലേക്ക് നീങ്ങുന്ന ഈ അവസരത്തിൽ കൊലപാതകം നടക്കാനുണ്ടായ കാരണം അന്വേഷിക്കുമെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു. ഫോറൻസിക്ക് വിഭാഗം സംഭവസ്ഥലത്ത് പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം തെയ്യാല അങ്ങാടിയിൽ നിന്ന് വിലാപയാത്രയായി വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം അഞ്ചുടി പളളിയിൽ കബറടക്കി.