മലപ്പുറം: ദേശീയപാത വട്ടപ്പാറ വളവിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് വളവ് നിവർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം കുറയ്ക്കുന്നതിനു സഹായകരമായ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. വട്ടപ്പാറയിൽ അനുവദിച്ച ഫയർ സ്റ്റേഷൻ നേരത്തെ സി.ഐ. ഓഫീസ് നിലനിന്നിരുന്ന കെട്ടിടത്തിൽ താത്കാലികമായി ആരംഭിക്കാൻ നടപടി വേഗത്തിലാക്കും.
മലപ്പുറം ഗവ. വനിതാ കോളേജിന് അനുവദിച്ച ഭൂമിയിലെ സർവേ ഉടൻ പൂർത്തിയാക്കാൻ യോഗം നിർദ്ദേശിച്ചു. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സർക്കാർ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് എടുക്കുന്ന സമയത്ത് തന്നെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള ചെലവുകൾ കൂടി ഉൾപ്പെടുത്തണമെന്നു യോഗം നിർദ്ദേശിച്ചു.
. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ദിവസം വൈദ്യുതി ബന്ധം വിച്ഛേദിക്കാനിടയായ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി.
ജില്ലാ കളക്ടർ ജാഫർ മാലിക് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.അബ്ദുൽ ഹമീദ് , സി.മമ്മുട്ടി, പി.കെ.ബഷീർ, അഡ്വ.എം. ഉമ്മർ, പി. ഉബൈദുള്ള, പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, പി.വി അൻവർ എംഎൽഎയുടെ പ്രതിനിധി സക്കറിയ, എ.ഡി.എം എൻ.എം.മെഹറലി, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ വർക്കാഡ് യോഗേഷ് നീലഖണ്ഡ്, ഡെപ്യൂട്ടി കളക്ടർമാരായ പി.എൻ. പുരുഷോത്തമൻ, ഒ.ഹംസ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.ജഗൽകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
ജില്ലയിലെ മുഴുവൻ തെരുവ് വിളക്കുകളും അറ്റകുറ്റപണികൾ പൂർത്തിയാക്കി നവംബർ 25 നകം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം
വൈകിട്ട് നാലിനും ആറിനും ഇടയിൽ മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ സർവീസുകൾ കൃത്യമായി നടക്കുന്നുണ്ടെന്നു ഉറപ്പാക്കണം
കരിപ്പൂർ വിമാനത്താവളത്തെ ബന്ധിപ്പിച്ച് കൊണ്ടോട്ടി, കോഴിക്കോട്, മലപ്പുറം ടൗണുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം