thirurangadi
ക്ലിപ്പ് ആർട്ട്

തിരൂരങ്ങാടി: ബാർബർ, ബ്യുട്ടിപാർലറുകളിൽ നിന്നും ഉപേക്ഷിക്കുന്ന തലമുടി മാലിന്യം ഇനി ദ്രാവക രൂപത്തിലും പൗഡർ രൂപത്തിലും ജൈവവളമായി തിരിച്ചെത്തും. ഒരുറിയാക്ഷൻ ചേംബറിൽ മാത്രം പത്തുമിനിറ്റുനിള്ളിൽ ഒരുടൺ മുടി മാലിന്യം വളരെ കുറഞ്ഞ ചിലവിൽ യാതൊരു മലിനീകരണവുമില്ലാതെ ജൈവ വളമാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത് പി.എസ്.എം.ഒ.കോളജ് ഭൗതിക ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും മെറ്റീരിയൽ സയന്റിസ്റ്റുമായ ഡോ.അബ്ദുൽ കരീം തോട്ടോളിയാണ്. സാങ്കേതിക വിദ്യാ കൈമാറ്റവും കമ്പനിയുടെ ആവശ്യകതകൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുഗവേഷണ വികസന കേന്ദ്രം ഫിസിക്‌സ് ഡിപ്പാർട്‌മെന്റ്മായി ചേർന്ന് സ്ഥാപിക്കുന്നതിന് മൈക്രോബ് കമ്പനി തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ. കോളേജുമായി ധാരണാപത്രം ഒപ്പിട്ടു. കെരാറ്റിൻ പ്രോട്ടീനായ തലമുടിയുടെ അടിസ്ഥാന ഘടകം അമിനോ ആസിഡുകളാണ്. കെരാറ്റിൻ പ്രത്യേക അറകളിൽ കെമിക്കൽ പ്രോസസ്സ് വഴി വിഘടിപ്പിച്ചു അമിനോ ആസിഡ് ദ്രാവകവും പൗഡറുമാക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഇതുവരെയുള്ള പല ടെക്‌നോളജിയും കൂടിയ ചൂടിലും ചെലവേറിയ കെമിക്കലുകൾ ഉപയോഗിക്കുന്നതിനാലും പ്രോസസിങ് സമയം വളരെയധികം ദീർഘമുള്ളതിനാലും വ്യാവസായികാടിസ്ഥാനത്തിൽ തലമുടി മാലിന്യ സംസ്‌കരണം വിജയമായിരുന്നില്ല. പി.എസ്.എം.ഒ.കോളേജ് നൽകിയ സാങ്കേതിക വിദ്യ വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ ഇത് സാധ്യമാക്കുന്നു.

നിലവിൽ ശേഖരിക്കുന്ന തല മുടി മാലിന്യം ഭൂഉടമകൾക്ക് പണം നൽകി മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. ഇത് പരിസരങ്ങളിലുള്ള ജല സമ്പത്ത്, മണ്ണ് മലിനീകരണമടക്കം ഒരുപാട് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്ന ഫാക്ടറിയിൽ സംസ്‌കരിച്ചു വളമാക്കി കൃഷിക്കാർക്ക് നേരിട്ടെത്തിക്കും. സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയിൽ മുടിയിൽ നിന്നുള്ള ഈ ജൈവ വളങ്ങളിൽ പതിനെട്ടോളം അമിനോ ആസിഡുകൾ അടങ്ങിയതായിട്ടുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്. മുടിയിൽ നിന്നും വേർതിരിച്ചെടുത്ത ഈ ദ്രാവക രൂപത്തിലെ സസ്യ വളർച്ച ഉത്തേജകം ഒരു ഹെക്ടറിന് രണ്ടു ലിറ്റർ മാത്രമേ ആവശ്യമായിട്ടുള്ളു. ചെടികളിലെ രോഗ പ്രതിരോധത്തിനും മണ്ണിലെ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാനും ഈ അമിനോ ആസിഡുകൾ സഹായിക്കും. മാനേജർ എം.കെ.ബാവ, പ്രിൻസിപ്പൽ ഡോ.കെ. അസീസും, ഭൗതിക ശാസ്ത്ര മേധാവി മുനീറ.പി.ഒയും, പ്രൊജ്ര്രക് സയന്റിസ്റ്റായ ഡോ. അബ്ദുൽ കരീം തോട്ടോളിയും കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അദ്‌നാൻ. എൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ധാരണാപത്രത്തിൽ കമ്പനി ഡയറക്ടർ നാസർ നെയ്യനും കോളജ് അധികാരികളും ഒപ്പുവച്ചു