manjeri
ക്ലിപ്പ് ആർട്ട്

മഞ്ചേരി: പേമാരി ദുരിതം വിതക്കുന്ന വർഷക്കാലത്തും വരൾച്ച രൂക്ഷമാവുന്ന വേനലിലും ശുദ്ധജലത്തിനായി നഗരവാസികൾ നെട്ടോട്ടമോടുകയാണ് മഞ്ചേരിയിൽ. സ്വന്തമായി കിണറില്ലാത്ത കുടുംബങ്ങൾ ജീവജലം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ പരിഹാരമില്ലാതെ തുടരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും മലീമസമായ നദിയാണ് ചാലിയാർ പുഴ. ഇതേ ചാലിയാറിൽ നിന്നും വിതരണം ചെയ്യുന്ന ശുദ്ധ ജലത്തെ ആശ്രയിച്ച് മഞ്ചേരി മേഖലയിൽ മാത്രം നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. ജല അതോറിട്ടിയുടെ നഗര കുടിവെള്ള പദ്ധതിയാണ് മഞ്ചേരിയിലെ പ്രധാന ശുദ്ധജല ഉറവിടം. അരീക്കോട് കിളിക്കല്ലുങ്ങലിലെ പമ്പ് ഹൗസിൽ നിന്നാണ് നഗരത്തിലേക്കു വിതരണത്തിനുള്ള വെള്ളമെത്തുന്നത്. പുഴയിലെ കിണറിൽ നിന്നെടുക്കുന്ന വെള്ളം ശുദ്ധീകരിച്ച് ചെരണിയിലെ പ്രധാന സംഭരണിയിലെത്തിച്ചു നടക്കുന്ന ശുദ്ധജല വിതരണം നാടിന്റെ ആവശ്യത്തിനു പരിഹാരമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. വൈദ്യുതിയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലും കാലപ്പഴക്കത്താൽ പൈപ്പ് ലൈൻ തകരുന്നതും ജല ലഭ്യതയെ സാരമായിത്തന്നെ ബാധിക്കുന്നു.

1984ൽ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ 1994ലാണ് മഞ്ചേരി നഗര കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുന്നത്. 30 വർഷം മാത്രം പ്രവർത്തന കാലാവധി ലക്ഷ്യമാക്കിയ പദ്ധതിയിൽ ആസ്ബറ്റോസ് സിമെന്റ് പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതി കാലഹരണപ്പെട്ടതാണ് പൈപ്പുകൾ തകരാൻ പ്രധാന കാരണം. ഉപഭോക്താക്കളും ആവശ്യകതയും വർദ്ധിക്കുന്നതിനനുസരിച്ച് എസി പൈപ്പുകൾ മാറ്റി ഡെക്ടയിൽ അയേൺപൈപ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യം പ്രാവർത്തികമായിട്ടില്ല. ഇതു സംബന്ധിച്ചുള്ള പദ്ധതി ജല അതോറിട്ടി സമർപ്പിച്ചിട്ടുണ്ടെങ്കിലും സർക്കാർ അനുമതി വൈകുകയാണ്. അതിനിടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രിതസന്ധി സൃഷ്ടിക്കുന്ന മഞ്ചേരിയിൽ ജലവിതരണത്തിന് 72.58 കോടി രൂപയുടെ ബൃഹത്ത് പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. കിഫ്ബിയിൽ ഉൾപെടുത്തി നിർമിക്കുന്ന പദ്ധതിയും ഇഴയുകയാണ്.

വേനലാരംഭത്തോടെ നിലവിലെ പ്രശ്‌നം കൂടുതൽ സങ്കീർണമാവുമെന്നിരിക്കെ, വിഷയത്തിൽ ആശങ്ക വർദ്ധിക്കുകയാണ്.

ചാലിയാറിലെ മലിനീകരണവും ജനാരോഗ്യത്തിന് വെല്ലുവിളി തീർക്കുന്നുണ്ട്.

നിരവധി കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന ചാലിയാറിലെ വെള്ളം മനുഷ്യന് ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനമാണെന്ന ശാശ്ത്രീയ റിപ്പോർട്ടുകൾ പുറത്തുു വന്നിരുന്നു.പുഴയിലേക്ക് മനുഷ്യ വിസർജ്യങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും വൻതോതിൽ ഒഴുക്കുന്നത് കാലങ്ങളായി തുടരുകയാണ്.