മലപ്പുറം: വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും കുറ്റവാളികൾ രക്ഷപ്പെടുന്നതിനുമെതിരെ വലിയ ജനരോഷമുയർന്നു. വീട്ടകങ്ങളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ പീഡനത്തിന് ഇരയാവുന്നെന്ന് സമീപകാല കേസുകൾ തെളിയിക്കുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ജില്ല ഒട്ടും പിന്നിലല്ലെന്നാണ് ഈ വർഷത്തെ കേസുകളുടെ എണ്ണം പറയുന്നത്.
ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ വർഷം സെപ്തംബർ വരെ 342 കേസുകളുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. ഏപ്രിലിലാണ് കൂടുതൽ കേസുകളുണ്ടായത്, 57 എണ്ണം. ലൈംഗികാതിക്രമങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം - 308, എറണാകുളം - 237, കോഴിക്കോട് - 220, കൊല്ലം - 203 , തൃശൂർ -201 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കേസുകളുടെ എണ്ണം. സംസ്ഥാനത്ത് ഇതുവരെ 2,514 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജില്ലയിൽ 410 കേസുകളുണ്ടായിരുന്നു.
വേണം പ്രത്യേക കോടതി
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയ്ക്ക് പ്രത്യേക പോക്സോ കോടതി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്കാണ് (ഒന്ന്) പോക്സോ കേസുകളുടെ അധികച്ചുമതല. കെട്ടിക്കിടക്കുന്ന കേസുകൾക്കൊപ്പം പുതിയ കേസുകൾ കൂടിയാവുന്നതോടെ വിചാരണ നടപടികൾ നീളുന്നു.
പത്ത് മാസത്തോളം ജഡ്ജിയുണ്ടായിരുന്നില്ല. പിന്നീട് സ്ഥിരം ജഡ്ജി എത്തിയതോടെയാണ് കേസുകൾക്ക് വേഗമേറിയത്.
ജില്ലയിലെ മുഴുവൻ കള്ളനോട്ട് കേസുകളും ഇതേ കോടതിയിലാണ് എത്തുന്നത്. ഇത്രയധികം കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ ജീവനക്കാരോ സൗകര്യമോ ഇവിടെയില്ല.