പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് നിന്നും വളാഞ്ചേരി-കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുന്ന റോഡിൽ വൈലോങ്ങര കുതിരപ്പാലത്തിന് സമീപം റോഡരികിൽ വലിയ കുഴി രൂപപ്പെട്ടു. ഇത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരു പോലെ ഭീഷണിയായിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ അപായസൂചന സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും രാത്രിയിൽ ഇത് ഭീഷണിയാണ്. എം.ഇ.എസ് മെഡിക്കൽ കോളേജുൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. കുഴിയുടെ അരികുകൾ ഇടിയുന്ന അവസ്ഥയുമുണ്ട്. വലിയ വാഹനങ്ങൾ ഈ കുഴിക്കരികിലൂടെ പോയാൽ കുഴി കൂടുതൽ ഇടിയാനിടയുണ്ട്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടാൻ ഏറ്റവും സാദ്ധ്യത കൂടുതലുള്ളത്. പാലത്തിന് ബലക്ഷയമുള്ളതായും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട് വർഷങ്ങൾക്ക് മുമ്പും പാലത്തിന് സമീപം ഇത്തരത്തിൽ കുഴി രൂപപ്പെട്ടിരുന്നു. പാലവും റോഡും അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.