കൊണ്ടോട്ടി:ശാസ്ത്ര കൗതുകങ്ങളുമായി രണ്ടു ദിനങ്ങളിലായി കൊണ്ടോട്ടിയിൽ നടന്നുവരുന്ന ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 1168 പോയിന്റോടെ ആതിഥേയരായ കൊണ്ടോട്ടി ഉപജില്ലയും 300 പോയിന്റുമായി പൂക്കളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസും ഓവറോൾ ചാമ്പ്യൻമാരായി. മലപ്പുറം ഉപജില്ല (1039) രണ്ടാം സ്ഥാനം നേടിയപ്പോൾ നിലമ്പൂരാണ് (1016) മൂന്നാം സ്ഥാനത്തെത്തിയത്. സ്കൂളുകളുടെ വിഭാഗത്തിൽ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് (281) രണ്ടാം സ്ഥാനവും എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് (268) മൂന്നാം സ്ഥാനവും നേടി.
കൊണ്ടോട്ടി, മൊറയൂർ, ഒഴുകൂർ, കൊട്ടൂക്കര സ്കൂളുകളിലായാണ് 17 ഉപജില്ലകളിൽ നിന്നെത്തിയ ആയിരത്തോളം വിദ്യാർത്ഥികളാണ് ശാസ്ത്രമേളയിൽ മത്സരിച്ചത്. സംസ്ഥാനതലത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികളാണ് കൂടുതൽ സ്കൂളുകളുള്ള മലപ്പുറം ജില്ലയിൽ മത്സരിക്കുന്നത്. സമാപന ദിവസമായ ഇന്നലെ ഒഴുകൂർ ക്രസന്റ് സ്കൂളിൽ നടന്ന സാമൂഹിക ശാസ്ത്രമേളയിൽ കടുത്ത മത്സരമാണ് നടന്നത്. പുരാതന ഭാരത സംസ്കാരം മുതൽ ആധുനിക ഇന്ത്യ വരെയുളള രാജ്യത്തിന്റെ വളർച്ചയും തളർച്ചയും ചിത്രീകരിച്ചാണ് വിദ്യാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നത്.രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളും രാജ്യത്തെ ചരിത്ര അടയാളപ്പെടുത്തലുമായി സ്റ്റിൽ മോഡലിൽ പുനരാവിഷ്കരിച്ച് വിധികർത്താക്കളെ പോലും അമ്പരിപ്പിച്ചു. മൊസൊപ്പട്ടോമിയൻ സംസ്കാരം, ശ്രീബുദ്ധന്റെ സാഞ്ചി, സുപ്രീംകോടതിയുടെ പകർപ്പ് അടക്കം മേളയിൽ ജനശ്രദ്ധേയമായി.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം അദ്ധ്യക്ഷനായിരുന്നു. നഗരസഭ ഉപാദ്ധ്യക്ഷ കെ. ആയിഷാബി, എ. ഗിരീഷ് കുമാർ, ഡി.ഡി. കെ.എസ്. കുസുമം, വി.എച്ച്.എസ്.ഇ ഡി.ഡി. ഉബൈദുള്ള, എ.പീറ്റർ, എം.പി. സെയ്തലവി, ദിലീപ്, സാദിഖലി, ആർ.എസ്.അമീനകുമാരി എന്നിവർ പ്രസംഗിച്ചു.